സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം അപേക്ഷിക്കണം. മൂന്നൊഴിവുകളാണുള്ളത്. ശമ്പള സ്‌കെയിൽ: 42,500-87,000 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. നേതൃത്വപാടവം ഉണ്ടായിരിക്കണം. സർക്കാർ/ അർദ്ധസർക്കാർ/കേന്ദ്രസർക്കാർ സർവ്വീസിലോ, പ്രമുഖ എൻ.ജി.ഒകളിലോ മേൽ വിവരിച്ച മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള നൈപുണ്യം വേണം. അപേക്ഷ സമർപ്പിക്കുന്നവർ, രണ്ടുദിവസം തങ്ങൾ ജോലിചെയ്യുന്നതോ, തങ്ങളുടെ സ്വന്തം തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ളതോ അല്ലാത്ത ഒരു സി.ഡി.എസ് തെരഞ്ഞെടുത്ത്, അയൽക്കൂട്ട-എ.ഡി.എസ്-സി.ഡി.എസ് തല പ്രവർത്തനങ്ങൾ പഠിക്കണം. ഇതോടൊപ്പം, പഠനം നടത്തിയ സി.ഡി.എസ് സ്ഥിതിചെയ്യുന്ന ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളും പഠിക്കണം. തുടർന്ന്, ഇതു സംബന്ധിച്ച് 10 പേജിൽ കവിയാത്ത ഒരു റിപ്പോർട്ട് തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്ക് എത്തുമ്പോൾ കൈയ്യിൽ കരുതണം.

എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിനായി ശുപാർശ ചെയ്യുക. അഭിമുഖത്തിന് ഹാജരാകുമ്പോൾ ഉദ്യോഗാർത്ഥി, കുടുംബശ്രീയിലൂടെ നടപ്പിലാക്കാൻ കഴിയുന്ന നൂതനമായ ഒരാശയം/പദ്ധതി സംബന്ധിച്ച ബഡ്ജറ്റ് സഹിതമുള്ള അഞ്ച് മിനിട്ടിൽ അധികം സമയമെടുക്കാത്ത ഇംഗ്ലീഷിലുള്ള ഒരു അവതരണം അഭിമുഖ ബോർഡ് മുമ്പാകെ നടത്തണം. അവതരണം മൂൻകൂട്ടി തയ്യാറാക്കി പെൻഡ്രൈവിൽ കൊണ്ടുവരണം. ബയോഡാറ്റയിൽ വിലാസം, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. ഇ-മെയിലൂടെയായിരിക്കും കുടുംബശ്രീയിൽ നിന്നും തുടർന്നുള്ള അറിയിപ്പുകൾ നൽകുക. അപേക്ഷ 17ന് വൈകിട്ട് നാലിന് എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ലഭിക്കണം. എഴുത്തുപരീക്ഷയും അഭിമുഖവും 18ന് രാവിലെ പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും.