രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.75 ശതമാനം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2042 പരീക്ഷാകേന്ദ്രങ്ങളിലായി സ്്കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ നിന്നായി 3,69,021 പേർ പരീക്ഷ എഴുതിയതിൽ 3,09,065 പേർ ഉന്നതപഠന യോഗ്യത നേടി. കഴിഞ്ഞവർഷത്തെ വിജയശതമാനം 83.37 ആയിരുന്നു. ഒന്നാംവർഷപരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം.
പരീക്ഷയെഴുതിയ 1,97,633 പെൺകുട്ടികളിൽ 1,78,492 പേരും (90.31 ശതമാനം) 1,73,106 ആൺകുട്ടികളിൽ 1,31,897 പേരും (76.19 ശതമാനം) ഉപരിപഠനയോഗ്യത നേടി.
വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണ്: 86.75. ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 77.16.
1,81,694 സയൻസ് വിദ്യാർഥികളിൽ 1,56,087 പേരും (85.91 ശതമാനം) 73,955 ഹ്യൂമാനിറ്റീസ് വിദ്യാർഥികളിൽ 56,358 പേരും (76.21 ശതമാനം) 1,13,372 കോമേഴ്‌സ് വിദ്യാർഥികളിൽ 96,620 പേരും (85.22 ശതമാനം) ഉന്നതപഠനത്തിന് യോഗ്യത നേടി.
എസ്.സി വിഭാഗത്തിൽ 39,071 ൽ 25,109 പേരും (64.27 ശതമാനം) എസ്.ടി വിഭാഗത്തിൽ 5356 ൽ 3402 പേരും (63.52 ശതമാനം) ഉന്നതപഠനത്തിന് അർഹതനേടി.
സർക്കാർ മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 1,55,396ൽ 1,27,704 പേരും (82.18 ശതമാനം), എയ്ഡഡ് മേഖലയിലെ 1,85,770 ൽ 1,60,022 പേരും (86.14 ശതമാനം), അൺ എയ്ഡഡ് മേഖലയിലെ 27,628ൽ 21,128 പേരും (76.47 ശതമാനം) ഉന്നതപഠനത്തിന് യോഗ്യരായി.
14,735 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി. ഇതിൽ 10,899 പേർ പെൺകുട്ടികളും 3836 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ നിന്ന് 11,569 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 670 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 2496 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ (834) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ 94.60 ശതമാനം പേരെ ഉന്നതപഠനത്തിന് യോഗ്യരാക്കി. ഏറ്റവും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ല (1935) മലപ്പുറമാണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 79 സ്‌കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 34 ആണ്. 180 വിദ്യാർഥികൾ 1200ൽ 1200 സ്‌കോറും കരസ്ഥമാക്കി.
ഹയർ സെക്കൻഡറി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 1631 പേർ പരീക്ഷയെഴുതിയതിൽ 1246 പേർ (76.77 ശതമാനം) ഉന്നതപഠനയോഗ്യത നേടി. ഇതിൽ 33 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്.
കലാമണ്ഡലം ആർട്‌സ് സ്‌കൂളിൽ 95 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 78 വിദ്യാർഥികൾ (82.11 ശതമാനം) ഉന്നതപഠന യോഗ്യത നേടി.
സ്‌കോൾ കേരള വഴി രജിസ്റ്റർ ചെയ്ത് പരീക്ഷ ഏഴുതിയ 67,991 വിദ്യാർഥികളിൽ 25,503 പേർ (37.51 ശതമാനം) ഉപരിപഠന അർഹത നേടി. ഇതിൽ 109 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്: 21,379 പേർ. പഴയ സിലബസിൽ പരീക്ഷ എഴുതിയ 3290 വിദ്യാർഥികളിൽ 1748 പേർ (53.13) ഉപരിപഠന അർഹതനേടി. സേ/ഇംപ്രൂവ്‌മെൻറ് പരീക്ഷകൾ ജൂൺ അഞ്ചുമുതൽ 12 വരെ നടക്കും.
മാർച്ച് 2018ൽ നടന്ന തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. കണ്ടിന്വസ് ഇവാല്യുവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്‌കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 90.24 ശതമാനംപേർ പാർട്ട് ഒന്നിലും രണ്ടിലും 80.32 ശതമാനംപേർ ഉന്നതപഠനത്തിനും അർഹത നേടി. 29,174 പേരാണ് പരീക്ഷ എഴുതിയത്. പാർട്ട് ഒന്നിനും രണ്ടിനും യോഗ്യത നേടിയവർ 26327 പേരാണ്. പാർട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യത നേടിയത് 23434 പേരാണ്.
കണ്ടിന്വസ് ഇവാല്യുവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്‌കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 56.38 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും 34.22 ശതമാനം പേർ പാർട്ട് മൂന്നിലും യോഗ്യത നേടി.
കണ്ടിന്വസ് ഇവാല്യുവേഷൻ ആൻറ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 70.27 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും 49.18 ശതമാനം പേർ പാർട്ട് മൂന്നിലും യോഗ്യത നേടി.