ഇടുക്കി: എം.ജി. സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, പി ജെ ജോസഫ് എംഎല്‍എ, എം പി ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ റെഗുലര്‍ സ്റ്റാറ്റിയൂട്ടറി ഡിപ്പാര്‍ട്ട്‌മെന്റായ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിനെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സെന്റര്‍ ഫോര്‍ ഹയര്‍ ലേണിങ് എന്ന നിലയ്ക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. എല്ലാ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകളെയും ഗവേഷണ പദ്ധതികളെയും ഒരു കുടക്കീഴില്‍ വരുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ സ്‌കൂള്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ടൂറിസം സ്റ്റഡീസ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, വിദേശഭാഷകള്‍ എന്നീ മേഖലകളിലാണ് സ്‌കൂള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലകളില്‍ അടിസ്ഥാനപരവും പ്രയോഗയോഗ്യവുമായ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണവും കണ്‍സള്‍ട്ടന്‍സി സര്‍വീസുകളും സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ പ്രത്യേകതയാണ്. സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ ഭൗതിക പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ അടിയന്തിരവും ദീര്‍ഘകാല ആവശ്യങ്ങളും കണക്കിലെടുത്ത് ക്ലാസ് റൂമുകള്‍, ലാബുകള്‍, ടൂറിസം റിസോഴ്‌സ് സെന്റര്‍, റെഗുലേറ്ററി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന മറ്റു സൗകര്യങ്ങള്‍ എന്നിവയാണ് ഈ പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഇടുക്കി ജില്ലയിലെ തൊടുപുഴ മുട്ടം കാമ്പസിലാണ് പന്ത്രണ്ടര കോടി രൂപ മുടക്കി സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുക.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.ടി) നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ഓഫീസ് ലാബ്, ഫുഡ് സര്‍വീസ് ലാബ്, ഫുഡ് പ്രൊഡക്ഷന്‍ ലാബ്, വെല്‍നെസ് ഡെമോണ്‍സ്‌ട്രേഷന്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ് വര്‍ക്ക് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള തനത് ഡിസൈനിലാണ് സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. കിറ്റ്‌കോയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. 2022 മെയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ചടങ്ങില്‍ സ്വാഗതം പറയും. മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സാബു തോമസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ ജോമോന്‍, ഇടുക്കി ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത തുടങ്ങിയവര്‍ സംസാരിക്കും.