കാസര്‍ഗോഡ്: തെക്കില്‍ വില്ലേജിലെ കുടുംബങ്ങള്‍ തങ്ങളുടെ പലവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. വീടുണ്ടെങ്കിലും വീട്ടുനമ്പറില്ലാത്തതിനാല്‍ പല ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ടായിരുന്നു. ഇവയ്ക്കെല്ലാം ശാശ്വതമായ പരിഹാരമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായത്.ജില്ലയില്‍ തിങ്കളാഴ്ച 492 പട്ടയങ്ങള്‍ വിതരണം ചെയ്തപ്പോള്‍ അതില്‍ തെക്കില്‍ വില്ലേജിലെ ഒമ്പത് കുടുംബങ്ങളും കൂടിയുണ്ടായിരുന്നു. മിച്ചഭൂമിയില്‍ വീടുണ്ടായിരുന്ന 12ല്‍ 11 കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു. ഇതില്‍ കോലാംകുന്ന് സുലോചന, സുശീല, കാര്‍ത്യായനി, ഗിരീശന്‍ എന്നിവര്‍ കളക്ടറേറ്റില്‍ നടന്ന പട്ടയമേളയില്‍ പട്ടയം കൈപ്പറ്റി. ബാക്കിയുള്ളവര്‍ക്ക് വില്ലേജില്‍ നിന്നും നേരിട്ട് ലഭിക്കും. രണ്ട് കുടുംബങ്ങള്‍ക്ക് നേരത്തെ പട്ടയം ലഭിച്ചിരുന്നു.
നൂറിലേറെ വര്‍ഷങ്ങളോളം തലമുറകളായി കൈവശം വെച്ചനുഭവിച്ചു വന്ന ഭൂമി 65 വര്‍ഷം മുമ്പ് മിച്ചഭൂമിയായി ഏറ്റെടുത്ത്, അപേക്ഷ നല്‍കിയവര്‍ക്ക് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി അവിടെ താമസിച്ചു പോന്ന കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചതുമില്ല. തുടര്‍ന്ന് ഈ കുടുംബങ്ങള്‍ പട്ടയം ലഭിക്കാന്‍ വര്‍ഷങ്ങളുടെ പോരാട്ടമാണ് നടത്തിയത്. ഒരിക്കല്‍ പതിച്ചു നല്‍കിയ ഭൂമി വീണ്ടും പതിച്ചു നല്‍കാന്‍ കഴിയില്ലെന്നാണ് ഇവര്‍ക്ക് ലഭിച്ച മറുപടി.
2017ല്‍ ഈ കുടുംബങ്ങള്‍ അന്നത്തെ തെക്കില്‍ വില്ലേജ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടറുടെ അദാലത്തില്‍ എത്തി ദുരവസ്ഥ നേരിട്ടറിയിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് പട്ടയം അനുവദിക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കിയെങ്കിലും നടപ്പായില്ല. 2020 മാര്‍ച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകയായ പത്മിനി ഈ കുടുംബങ്ങള്‍ക്ക് വേണ്ടി കളക്ടറെ നേരിട്ട് കണ്ട് വീണ്ടും കാര്യങ്ങള്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഭൂമി പരിശോധിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം അനുവദിക്കാന്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌ന പരിഹാരമായത്.