എറണാകുളം:  ആലുവ വല്യപ്പൻ പടിയിലെ മൂന്നു സെൻ്റ് സ്ഥലത്തെ കൊച്ചുവീട്ടിലായിരുന്നു ആൻ്റണി ഷിബുവും ഭാര്യ ലില്ലിയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തിനു ശേഷം ഇവരുടെ സ്ഥലം ഇടിഞ്ഞു പോവുകയും വീടിന് വിള്ളലുണ്ടാകുകയും ചെയ്തു. വീടും സ്ഥലവും അപകടകരമായ നിലയിലെത്തിയതോടെ ഇവർ വാടക വീട്ടിലേക്ക് മാറി. സാന്ത്വന സ്പർശം അദാലത്തിൽ പരാതിയുമായെത്തിയ ആൻ്റണിക്ക് സ്ഥലം കെട്ടിയെടുക്കാനും വീട് നിർമ്മിക്കാനുമുള്ള നടപടി സ്വീകരിക്കാൻ കളക്ടർക്ക് നിർദേശം നൽകി.

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അടിയന്തിരമായി വീട് നിർമ്മിച്ച് നൽകാനാണ് അദാലത്തിൽ നിർദേശിച്ചത്. കൂലിപ്പണിക്കാരനാണ് ആൻ്റണി. ആലുവ സിവിൽ സ്റ്റേഷൻ ക്യാൻറീനിൽ ജോലി ചെയ്യുകയാണ് ലില്ലി. ഡിഗ്രിക്കും നാലാം ക്ലാസിലും പഠിക്കുന്ന പെൺമക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കാനാകുമെന്ന പ്രത്യാശയോടെയാണ് ഈ ദമ്പതികൾ അദാലത്ത് വിട്ടിറങ്ങിയത്.