കോട്ടയം: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി അഞ്ചു കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച കോട്ടയം ജില്ലയിലെ നാലു സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 18) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്‍‍ഡറി സ്കൂൾ, വൈക്കം ജി.ബി.എച്ച്.എസ്.എസ്, പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂൾ, പൊൻകുന്നം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ എന്നിവയുടെ കെട്ടിടങ്ങളാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും.

സ്കൂളുകളിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, സി.കെ ആശ, ഡോ. എൻ.ജയരാജ്, പി.സി ജോർജ് എന്നിവർ ശിലാഫലകം അനാച്ഛാദനം ചെയ്യും.

പത്ത് ക്ലാസ് മുറികൾ, പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മുറികള്‍, വായനശാല, അടുക്കള, ഉച്ചഭക്ഷണ മുറി, ലാബ്, 13 ടോയ് ലറ്റുകൾ തുടങ്ങിയവയാണ് മുരിക്കുംവയൽ സ്കൂളിൽ നിർമ്മിച്ചിട്ടുള്ളത്.

വൈക്കം ജി.ബി.എച്ച്.എസ്.എസിൽ 12 ക്ലാസ് മുറികൾ, അഞ്ച് ലാബുകൾ, എട്ടു ടോയ് ലറ്റുകള്‍, പ്രിൻസിപ്പലിൻ്റെയും ഹെഡ്മിസ്ട്രസിൻ്റെയും അധ്യാപകരുടെയും മുറികൾ, അടുക്കള, ഭക്ഷണമുറി, സ്റ്റോർ റൂം തുടങ്ങിയവയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

പുതുപ്പള്ളി സെൻ്റ് ജോർജ് ജി.വി.എച്ച്.എസ്.എസിൽ 15 ക്ലാസ് മുറികൾ, ഏഴു ലാബുകൾ, പ്രിൻസിപ്പലിൻ്റെയും ഹെഡ്മിസ്ട്രസിൻ്റെയും മുറികൾ, സ്റ്റാഫ് റൂം, ലൈബ്രറി, റേഡിയോ വിഷ്വൽ തിയറ്റർ, സ്റ്റോർ റൂം, കൗൺസലിംഗ് സെൻ്റർ, കമ്മ്യൂണിറ്റി ഏരിയ, സ്റ്റാഫ് റൂം, 33 ടോയ് ലറ്റുകള്‍ തുടങ്ങിയവയാണ് പണി പൂർത്തിയാക്കിയത്.

പൊൻകുന്നം ജി.വി.എച്ച്.എസ്.എസിൽ അഞ്ചു ക്ലാസ് മുറികൾ,രണ്ടു ലാബുകള്‍, അടുക്കള, ഉച്ചഭക്ഷണ മുറി, സ്റ്റോർ റൂം, 12 ടോയ് ലറ്റുകള്‍, സെപ്റ്റിക് ടാങ്ക് തുടങ്ങിയവയും നിർമ്മിച്ചിട്ടുണ്ട്.