ഹോംകോ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ജനങ്ങളുടെ പൊതുവായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വന്ധ്യതാ ചികിത്സയിലും ഹോമിയോപ്പതിയുടെ സജീവ സാന്നിധ്യമുണ്ടെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ആലപ്പുഴ പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോപ്പറേറ്റീവ് ഫാർമസി (ഹോംകോ) ക്ക് വേണ്ടി നിർമ്മിച്ച പുതിയ മരുന്നു നിർമ്മാണത്തിനുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹോമിയോപ്പതിയുടെ കീഴിലുള്ള വന്ധ്യതാ ചികിത്സ ക്ലിനിക് ജനനി കൂടുതലായി വ്യാപിപ്പിക്കും. വളരെ കുറച്ചു പഞ്ചായത്തുകളില്‍ക്കൂടി സര്‍ക്കാര്‍ ഡിസ്പെൻസറികൾ ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഹോമിയോ ചികിത്സാ സൗകര്യം സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. പുതിയ കെട്ടിടവും ഉപകരണങ്ങളും പ്രവർത്തനക്ഷമമാകുന്നതോടെ വലിയതോതിൽ ഹോമിയോപ്പതി മരുന്നു ഉല്പാദനം വർദ്ധിക്കും. 100 കോടിയിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുമെന്നും 11 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചതായും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

52 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അനുബന്ധ ഉപകരണങ്ങൾ ഉടൻ സജ്ജമാക്കി മൂന്നുമാസത്തിനുള്ളിൽ പൂര്‍ണ പ്രവർത്തനക്ഷമമാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അധ്യക്ഷതവഹിച്ചു. 150ഓളം പേർക്ക് പുതുതായി തൊഴിൽ കൊടുക്കാൻ സാധിക്കുന്ന വിധത്തിലേക്ക് ഹോംകോയുടെ വികസനം എത്തിയതായി അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റ ഹോമിയോപ്പതി മരുന്നു നിർമ്മാണ യൂണിറ്റായി ഹോംകോ ഉടൻ മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഔഷധ വിപണന മേഖല കുത്തക വൽക്കരിക്കാൻ ശ്രമിക്കുമ്പോൾ വളരെ വ്യത്യസ്തമായ നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. 38 ശതമാനം പേർ മാത്രം പൊതുജന ആരോഗ്യ സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന സ്ഥാനത്തു പുതിയ കണക്ക് പ്രകാരം 50 ശതമാനം പേർ പൊതുജനാരോഗ്യ മേഖലയെ ആശ്രയിക്കുന്ന സ്ഥിതി ശുഭകരമാണെന്നും ധനമന്ത്രി പറഞ്ഞു. അഡ്വ.എ.എം.ആരിഫ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആര്‍.റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.അജിത്ത്കുമാര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകന്‍, ഹോം കോ മാനേജിങ് ഡയറക്ടര്‍ ഡോ.പി.ജോയ് ,ചീഫ് എന്‍ജിനിയര്‍ ആര്‍.രതീഷ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.എം.എന്‍.വിജയാംബിക, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തംഗം ശാരിമോള്‍, കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.