രാവിലെ 10.59 ന് സിവിൽ സ്റ്റേഷനിൽ ഉച്ചത്തിൽ അലാറം മുഴങ്ങി.മുഴുവൻ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി കലക്ട്രേററിലെത്തിയ പൊതുജനങ്ങളും എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഓഫീസുകളിൽ നിന്നും വരാന്തയിലേക്ക് ഓടിയിറങ്ങി. മൂന്നാം നിലയിലെ ലാൻഡ് അക്വിസിഷൻ സ്‌പെഷൽ തഹസീൽദാരുടെ ഓഫീസിൽ തീപിടുത്തം.വരാന്തയിൽ നിന്ന് ഉയരത്തിൽ പുക പൊങ്ങുന്നു.ഉടൻ തന്നെ ഫയർ ഫോഴ്‌സിന്റെ രണ്ടു ഫയർ എഞ്ചിനുകൾ ഹോണുകൾ മുഴക്കി സിവിൽ സ്‌റ്റേഷൻ വളപ്പിലേക്ക് പാഞ്ഞെത്തി. പുറകെ പോലീസ് ജീപ്പുകളും സ്ഥലത്തെത്തി. ബുളളററിൽ ആദ്യമെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ തുടങ്ങി. ഫയർ എഞ്ചിനുകളിൽ നിന്നും ഹോസിൽ ഉയരത്തിൽ വെള്ളം ചീറ്റി തീ കെടുത്തി.
ഇതിനിടയിൽ തന്നെ ജില്ലാ ആശുപത്രിയിൽനിന്നും തങ്കം ആശുപത്രിയിൽ നിന്നും ആംബുലൻസും മെഡിക്കൽ ടീമും എത്തി.കെട്ടിടത്തിൽ ഏണി ചാരി െവച്ച്് അഗ്്്‌നിശമനസേനാംഗങ്ങൾ തീപിടിച്ച മുറിയിലെത്തി.
മൂന്നാം നിലയിൽ നിന്നും കയറും വടവും സ്‌ട്രെച്ചറും ഉപയോഗിച്ച് ആളുകളെ താഴെയിറക്കി. ഇവർക്ക് മെഡിക്കൽ ടീം പ്രാഥമിക ശ്രൂശ്രൂഷ നൽകി സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ ഓരോരുത്തരെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടിപോയി. പോലീസും അഗ്്്‌നിശമനസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്തു നിന്നും മാറ്റുന്നു. ഇതിനിടയിൽ ഇത് ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ഡ്രിൽ മാത്രമാണെന്നും ആർക്കും പരുക്കുകളില്ലെന്നും വാർത്ത പരന്നതോടെ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമായി. ജില്ലാ കലക്ടർ ഡോ.പി.സുരേഷ്ബാബു,എ.ഡി.എം.ടി.വിജയൻ എന്നിവരും രക്ഷാ പ്രവർത്തന വേളയിൽ സജീവമായി രംഗത്തുണ്ട്. അഗ്നിശമനസേന അസിസ്റ്റന്റ് ഡിവിഷനൽ ഓഫീസർ അരുൺ ഭാസ്‌കർ, സ്‌റ്റേഷൻ ഓഫീസർമാരായ ടി.അനൂപ്, ആർ.ഹിതേഷ്, അസി.സ്റ്റേഷൻ ഓഫീസർ ടി.ആർ.രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടന്നത്.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മൊബൈലിൽ ചിത്രം എടുക്കുകയോ നിസംഗരായി നോക്കി നിൽക്കുകയോ മാത്രം ചെയ്യുന്ന യുവ തലമുറയെയും പൊതുജനങ്ങളെയും ബോധവത്ക്കരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ മോക്ഡ്രിൽ സംഘടിപ്പിച്ചത്. 3000ലധികം ജീവനക്കാരുള്ള സിവിൽസ്റ്റേഷൻ കെട്ടിടത്തിൽ തീപിടിത്തമോ അപകടമോ ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെ നടത്തേണ്ടതെന്നും ബോധവത്ക്കരിക്കാനാണ് വലിയ മുന്നൊരുക്കത്തോടെ മോക്ഡ്രിൽ നടത്തിയത്. അഗ്നിശമനസേനയോടൊപ്പം പൊലീസ് സേന, ജില്ലാ ആരോഗ്യ വകുപ്പ്, തങ്കം ആശുപത്രി,എന്നിവരും മോക്ഡ്രില്ലിൽ പങ്കെടുത്തു. സിവിൽ സ്‌റ്റേഷൻ മുററത്ത് തയ്യാറാക്കിയ താത്കാലിക ഓലപ്പുരയ്ക്ക് തീകൊടുത്ത് കത്തുന്ന വീടുകളിൽ നിന്നും മററും എങ്ങനെ ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാമെന്നതിന്റെ മാതൃകയും അവതരിപ്പിച്ചു. തീപിടിക്കാത്ത തരം പ്രത്യേക വസ്ത്രം ധരിച്ചാണ് സേനാംഗം പുരയ്്ക്കുളളിൽ നിന്നും കൊച്ചുകുട്ടിയുടെ ഡമ്മിയെ പുറത്തെത്തിച്ചത്.പരിശീലനം ലഭിച്ച സിവിൽ സ്‌റ്റേഷൻ ഉദ്യോഗസ്ഥകൾ തീ അണയ്ക്കുന്ന യന്ത്രം(ഫയർ എക്‌സ്‌ററിങ്ക്യൂഷർ) ഉപയോഗിച്ച് തീ അണയ്ക്കുന്നതിന്റെ മാതൃകയും അവതരിപ്പിച്ചു.

കലക്ടറുടെ ചേംബറിലെ പ്രത്യേക അവലോകനയോഗത്തിൽ കലക്ടർ മോക്ഡ്രില്ലിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ആർ.സുജാത,പി.ശശിജ,കലക്ട്രേററിലെ ടി.വി അജി്ത്കുമാർ,പി.മൈഥിലി,ജെ.ഫസ്‌ലത്ത് ബീഗം,വി.വിനോദ്,വി.നിധിൽ, എംപ്ലോയ്‌മൈന്റ് ഓഫീസിലെ അബ്ദുൾറസാക്ക്, സർവെ വകുപ്പിലെ ബോബി.എം.ജോർജ്,കെ.സതീഷ്,കെ.ഹരികുമാർ,വി.കലാധരൻ എന്നിവർക്ക് കലക്ടർ മൊമന്റോ സമ്മാനിച്ചു.