സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം ജനകീയ ഉൽസവമായി മാറുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. മെയ് 18ന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിന്റെയും 16 മുതൽ 23 വരെ നടക്കുന്ന മെഗാ എക്‌സിബിഷന്റെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല കണ്ട ഏറ്റവും വലിയ സർക്കാർ പരിപാടിയായി ഇത് മാറണം. അതിനായി ജനകീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, കുടുംബശ്രീ, ലൈബ്രറി-സ്‌പോർട്‌സ് കൗൺസിലുകൾ തുടങ്ങിയവ സർവാത്മനാ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭയുടെ രണ്ടാം വാർഷികം ആഘോഷിക്കുന്നതോടൊപ്പം സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ കൂടുതൽ ജനങ്ങളിലെത്തിക്കുകയും വിവിധ സേവനങ്ങൾ അവർക്ക് ലഭ്യമാക്കുകയും ചെയ്യുംവിധമാണ് എട്ടുദിവസം നീണ്ടു നിൽക്കുന്ന മെഗാ എക്‌സിബിഷൻ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പ്രയോജനം കൂടുതൽ ആളുകളിലെത്തിക്കാൻ പഞ്ചായത്ത് തലത്തിൽ തദ്ദേശ-സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നല്ല പ്രചാരണം നൽകണമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന അവലോകന യോഗത്തിൽ പി.കെ ശ്രീമതി ടീച്ചർ എം.പി അധ്യക്ഷത വഹിച്ചു. 18ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനെത്തുന്ന മുഖ്യമന്ത്രിയുൾപ്പെടെയുള്ള സംസ്ഥാന മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും വരവേൽക്കാൻ നഗരം അണിഞ്ഞൊരുങ്ങണമെന്ന് എം.പി പറഞ്ഞു. നഗരത്തിൽ മാത്രമല്ല, ഗ്രാമങ്ങളിലും പരിപാടിയുടെ സന്ദേശമെത്തിക്കണമെന്നും അവർ പറഞ്ഞു.
രണ്ടാം വാർഷികാഘോഷം വൻവിജയമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്കും നഗരത്തിലെ കടകൾ ദീപാലംകൃതമാക്കുന്നതിനും പരിപാടികൾക്കായെത്തുന്നവർക്ക് മികച്ച സൗകര്യമൊരുക്കുന്നതിനും കോർപറേഷൻ നേതൃത്വം നൽകുമെന്ന് മേയർ ഇ.പി ലത അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.കെ സുരേഷ് ബാബു, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വെള്ളോറ രാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ഡി.എം.ഒ ഡോ. കെ നാരായണ നായിക്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.ടി അബ്ദുൽ മജീദ് , ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ ബൈജു എന്നിവർ വിവിധ സബ്കമ്മിറ്റികൾ ഇതിനകം നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മെഗാ എക്‌സിബിഷൻ നടക്കുന്ന മെയ് 16 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രഗൽഭ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീതവിരുന്ന്, നൃത്ത നൃത്യങ്ങൾ, നാടകങ്ങൾ തുടങ്ങി വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. 17ന് മെഗാ ജോബ്‌ഫെസ്റ്റ്, വിവിധ സെമിനാറുകൾ എന്നിവയും നടക്കും.
സംസ്ഥാന സർക്കാറിന്റെ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുംവിധം വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെഡിക്കൽ എക്‌സിബിഷൻ, അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളുടെ ബോധവൽക്കരണവും പ്രാഥമിക ആരോഗ്യ പരിശോധനയും, ദന്തപരിശോധന, കാർഷിക പ്രദർശനം, കുടുംബശ്രീ, കൈത്തറി വിപണന മേള, മാലിന്യ സംസ്‌കരണ മാതൃകകളുടെ പ്രദർശനം, പുരാവസ്തു-പുരാരേഖ പ്രദർശനം, സൗജന്യ ആധാർ രജിസ്‌ട്രേഷൻ, വ്യവസായ അദാലത്ത്, സ്‌കൂൾ ബസാർ, ഫുഡ് കോർട്ട് തുടങ്ങിയവ എക്‌സിബിഷനിലുണ്ടാവും. യോഗത്തിൽ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.