പാലക്കാട്: സംസ്ഥാന വൈദുതി ബോര്ഡ് സൗര പദ്ധതിയില് ഉള്പ്പെടുത്തി സബ്സിഡിയോടെ ഗാര്ഹിക ഉപഭോക്താക്കള്ക്കായി നടപ്പാക്കുന്ന പുരപ്പുറം സോളാര് പദ്ധതി രണ്ടാം ഘട്ടത്തില് സംസ്ഥാനത്തെ ആദ്യ സോളാര് നിലയം പട്ടികജാതി-പട്ടികവര്ഗ്ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്‌ക്കാരിക-പാര്ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് പാലക്കാട് സ്വിച്ച് ഓണ് കര്മ്മം നിര്വഹിച്ചു. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഗാര്ഹിക ഉപഭോക്താക്കള്ക്കും, വ്യവസായികള്ക്കും വലിയ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയാണ് പുരപ്പുറം സോളാര് പദ്ധതിയെന്നും ഇത് സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. സൂര്യപ്രകാശം ഉപയോഗിച്ച് ഗാര്ഹിക ഉപഭോക്താക്കള്ക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കുക എന്നത് നൂതന പദ്ധതിയാണ്. ഇത്തരത്തില് ആയിരം മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഇതില് പുരപ്പുറം പദ്ധതിയിലൂടെ 500 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതില് 250 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിന് കേന്ദ്രസര്ക്കാരിന്റെ 40 ശതമാനം സബ്സിഡിയുണ്ട്. സബ്സിഡി തുക ഉപയോഗപ്പെടുത്തി ഗാര്ഹിക ഉപഭോക്താക്കളുടെ വീടിന് മുകളില് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയ്ക്ക് ജില്ലയില് തുടക്കമിട്ടത്.
ആദിവാസി മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാന് ആവിഷ്‌ക്കരിച്ചതാണ് പുരപ്പുറത്ത് വൈദ്യുതി പദ്ധതി. കാറ്റില് നിന്നും വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് അട്ടപ്പാടിയിലും രാമക്കല് മേട്ടിലും ആരംഭിച്ച പദ്ധതികള് ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ട്. തന്റെ വീട്ടില് പുരപ്പുറം പദ്ധതി വഴി നാല് കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന് ഒരുങ്ങുകയാണെന്നും രജിസ്ട്രേഷന് നടപടി പൂര്ത്തിയാക്കിയെന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു. സീനിയര് വെറ്ററിനറി സര്ജന് ഡോ. റെജിമോന്റെ വീട്ടില് 3.3 കിലോവാട്ട് ശേഷിയിലാണ് ആദ്യ നിലയം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ വൈദ്യുതി ഉത്പാദനത്തില് 15 യൂണിറ്റ് വൈദ്യുതി് നിര്മ്മിക്കാന് കഴിഞ്ഞു. ഇതനുസരിച്ച് 450 യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനാണ് സാധ്യത. വീട്ടിലെ പ്രതിമാസ ഉപയോഗം 250 യൂണിറ്റ് കഴിഞ്ഞ് ശേഷിക്കുന്ന വൈദുതി ബോര്ഡിന് വില്ക്കാനാവുമെന്നത് വരുമാനം ഉറപ്പാക്കുന്നുവെന്നും ഡോ. റെജിമോന് പറഞ്ഞു. പാലക്കാട് സുല്ത്താന്പേട്ട കെ.എസ്.ഇ.ബി സെക്ഷന് കീഴിലാണ് പദ്ധതി നടപ്പാക്കിയത്. 138593 രൂപയാണ് പദ്ധതി ചെലവ്. ഇതില് സബ്സിഡിക്ക് ശേഷം ഉപഭോക്താവ് മുടക്കിയത് 83158 രൂപയാണ്. ശരാശരി 360 യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. സീനിയര് വെറ്ററിനറി സര്ജന് ഡോ. റെജിമോന്റെ വീട്ടില് പരിപാടിയില് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര് കൃഷ്ണദാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയര് പി.സി ശ്രീറാം, എ.എക്സിമാരായ രാംപ്രകാശ്, ഉഷാകുമാരി, മിനി, എ.ഇമാരായ ഷെഫീക്ക്, അനീഷ്, ഓവര്സിയര് രവീന്ദ്രന് എന്നിവര് പങ്കെടുത്തു.