മലപ്പുറം:‍ പെരിന്തല്മണ്ണ ഗവ. പോളിടെക്‌നിക് കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി നിര്‍മിച്ച സില്‍വര്‍ ജൂബിലി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ. ടി.ജലീല്‍ അധ്യക്ഷനായി. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയായി.
വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിനായിട്ടാണ് സില്‍വര്‍ ജൂബിലി ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. നാല് ലാബുകള്‍, രണ്ട് ക്ലാസ് മുറികള്‍, രണ്ട് സ്റ്റാഫ് മുറികള്‍, ശുചിമുറികള്‍ എന്നിങ്ങനെയാണ് പുതുതായി നിര്‍മിച്ച സില്‍വര്‍ ജൂബിലി ബ്ലോക്കിലുള്ളത്. കോളേജില്‍ നടന്ന ചടങ്ങില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. വി.വേണു, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം പി. ഷഹര്‍ബാനു, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ദിലിപ്, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം പി. രത്‌നകുമാരി, ഷൊര്‍ണ്ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സി. പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍, പോളിടെക്നിക്ക് മുന്‍ പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് മുസ്തഫ, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പി. പ്രകാശന്‍, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പി. മോഹന്‍ കുമാര്‍, സിവില്‍ വിഭാഗം മേധാവി ഒ.എസ്. ബിന്ദു, അസിസ്റ്റന്റ് പ്രൊഫസര്‍ കെ.പി. പ്രമോദ്കുമാര്‍, വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് എസ്.വിശ്വനാഥന്‍, സീനിയര്‍ സൂപ്രണ്ട് കെ.വിനോദ്, പി.ടി.എ പ്രസിഡന്റ് ശിഹാബ് ആലിക്കല്‍, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് സി.എച്ച്. മുജീബ് റഹ്‌മാന്‍, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് സജി കക്കറ, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എം.പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.