തൃശ്ശൂർ:ചാലക്കുടിയിലെ സയന്‍സ് സെന്റര്‍ കേരളത്തിന് അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രമാണ് ചാലക്കുടിയില്‍ ആരംഭിച്ചിട്ടുള്ളതെന്നും ശാസ്ത്ര പഠന രംഗത്തെ മികച്ച മുന്നേറ്റമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തെക്കുറിച്ചും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും കൂടുതല്‍ അറിവ് നല്‍കുന്നതിന് റീജിയണല്‍ സയന്‍സ് സെന്റര്‍ ഉപകരിക്കും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങങ്ങളാണ് കേരളം ഇതുവരെ കൈവരിച്ചിട്ടുള്ളത്. പുതിയൊരു അദ്ധ്യായം കൂടി ചാലക്കുടി റീജിയണല്‍ സയന്‍സ് സെന്ററിലൂടെ എഴുതിച്ചേര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി ഡി ദേവസ്സി എം എല്‍ എ മുഖ്യാതിഥിയായി. ബെന്നി ബെഹനാന്‍ എം പി, മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ വിനേഷ്,പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമന്‍, കെ കെ രജീഷ്, എം എസ് സുനിത, പി സി ബിജു,ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, കെ എസ് എസ് റ്റി എം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ ജി പി പത്മകുമാര്‍, പനമ്പിള്ളി കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എ ജോജോമോന്‍, ഹബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.