മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള പുതിയ കെട്ടിട സമുച്ചയം മലപ്പുറം ഗവ. കോളജിന് സ്വന്തം. പ്ലാന്‍ ഫണ്ടില്‍ നിന്നനുവദിച്ച മൂന്ന് കോടി രൂപ ചെലവില്‍ എട്ട് ക്ലാസ് മുറികളും രണ്ട് കോണ്‍ഫറന്‍സ് ഹാളുകളുമുള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടം കലാലയത്തിന് സമര്‍പ്പിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷനായിരുന്നു. കോളജില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അബ്ദുല്‍ ഹക്കീം, കൗണ്‍സിലര്‍മാരായ ജുമൈല ജലീല്‍, ഒ. സഹദേവന്‍, കോളജ് പ്രിന്‍സിപ്പല്‍ കെ.കെ. ദാമോദരന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് കണ്ണിയന്‍ മുഹമ്മദലി, ഡോ. അബൂബക്കര്‍, ഡോ. അലവി ബിന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.