കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ ഐ ടി ഐകള്‍ സംയുക്തമായി നടത്തുന്ന തൊഴില്‍മേള  കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ നടന്നു. ആയിരത്തോളം ബിരുദധാരികള്‍ മേളയില്‍ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള 63 കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്. ഈ അധ്യയന വര്‍ഷം കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ചുരുക്കം പേരും മേളയുടെ ഭാഗമായി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് മേള നടന്നത്. 15 കൗണ്ടറുകളിലായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഒരു ബിരുദധാരിക്ക് മൂന്ന് കമ്പനികളിലേക്ക് അഭിമുഖം നടത്താനുള്ള അവസരമാണ് നല്‍കിയത്. ജില്ലയിലെ മുപ്പതോളം കോളേജുകളില്‍ പഠിച്ചവരാണ് മേളയില്‍ പങ്കെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ നടന്ന തൊഴില്‍ മേളയിലൂടെ 600 ഓളം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. തോട്ടട ഗവ. ഐ ടി ഐ പ്രിന്‍സിപ്പല്‍ ടി മനോജ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്  ബി കൃഷ്ണന്‍ അധ്യക്ഷനായി. പ്രമോദ് കളത്തില്‍, കെ ജി പോള്‍, കെ എം വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു.