കണ്ണൂർ: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത മുന്നേറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി ക്ഷേമ കേന്ദ്രത്തിന്റെയും തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ അക്കാദമിക് ബ്ലോക്കിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 43 പദ്ധതികളുടെ ഉദ്ഘാടനവും 25 പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന വിവിധ പദ്ധതികളാണ് 100 ദിന കര്‍മ്മപരിപാടികളുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ചത്. കിഫ്ബി, റൂസ, നബാഡ് സാമ്പത്തിക സഹായത്താല്‍ ഉന്നത വിദ്യഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.
11 കോടി രൂപ ചെലവിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി ക്ഷേമകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. അഞ്ച് നിലകളിലായി 3189 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഫ്രണ്ട് ഓഫീസ്, വെബ് സെന്റര്‍, സര്‍വകലാശാലയിലെ വിവിധ ഓഫീസുകള്‍, വിശ്രമകേന്ദ്രങ്ങള്‍, സെമിനാര്‍ ഹാളുകള്‍, കഫറ്റേരിയ, ക്രഷ്, ട്രാന്‍സ്ജെന്‍ഡര്‍ റൂം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ശുചിമുറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷനായി. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കണ്ണൂര്‍ സര്‍വകലാശാല സ്റ്റാന്റിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ. വി പി പി മുസ്തഫ, കണ്ണൂര്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി സന്തോഷ് കുമാര്‍, ഡോ. രാഖി രാഘവന്‍, കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം കെ ഹസ്സന്‍, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം പി ജെ സാജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.