തിരുവനന്തപുരം: ഹരിത കേരളം മിഷന്റെ ഹരിത ഓഡിറ്റില്‍ 100 ശതമാനം മാര്‍ക്കോടെ സമ്പൂര്‍ണ ഹരിത ഓഫിസും ക്യാംപസുമായി മാറിയ രാജ്ഭവനുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. പ്രകൃതി സൗന്ദര്യം പൂര്‍ണമായി നിലനിര്‍ത്തി സമ്പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങളാണു രാജ്ഭവനില്‍ നടപ്പാക്കിയിട്ടുള്ളത്.
മനോഹരമായ പൂന്തോട്ടം, ഔഷധ ചെടികളുടെ വലിയ ശേഖരം, പച്ചക്കറി തോട്ടം, വാഴകൃഷി തുടങ്ങിയവ രാജ്ഭവന്‍ വളപ്പില്‍ ശാസ്ത്രീയമായി നടപ്പാക്കിയിട്ടുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് റിങ്, പൈപ്പ് കമ്പോസ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളം രാജ്ഭവനില്‍ത്തന്നെ കൃഷിക്കായി ഉപയോഗിക്കുന്നു. അജൈവമാലിന്യം മിനി എം.സി.എഫില്‍ ശേഖരിച്ച് തരംതിരിച്ച് കൃത്യമായ ഇടവേളകളില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊഡാവത്, എ.ഡി.സി. ഡോ. അറുള്‍ ആര്‍.ബി. കൃഷ്ണ, കംപ്‌ട്രോളര്‍ എസ്. ശാന്തി, ഹരിത കേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ശുചിത്വ മിഷന്‍ ഓപ്പറേഷന്‍സ് ഡയക്ടര്‍ പി.ഡി. ഫിലിപ്പ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ തുടങ്ങിയവരും പങ്കെടുത്തു. ഹരിത കേരളം മിഷന്റെയും ഉപ മിഷനുകളുടേയും വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൈപ്പുസ്തകങ്ങളും ചടങ്ങില്‍ കളക്ടര്‍ ഗവര്‍ണര്‍ക്കു സമ്മാനിച്ചു.