കാസർഗോഡ്: ജില്ലയിലെ വോട്ടര്‍പട്ടികയില്‍ പേരുള്ള 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, അംഗപരിമിതര്‍, കോവിഡ് പോസിറ്റീവായവര്‍/ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലെ നേരില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് (ആബ്‌സെന്റീസ് വോട്ടര്‍) സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ വോട്ടര്‍പട്ടികയില്‍ 6113 അംഗപരിമിതരും 80 വയസ്സിന് മുകളില്‍ പ്രായമുള്ള 13255 പേരുമാണുള്ളത്. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത് സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കും.

വോട്ടര്‍പട്ടികയില്‍ പേരുള്ള ആബ്‌സെന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ (12 ഡി ഫോം) ബിഎല്‍ഒമാര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കും. വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പൂരിപ്പിച്ച് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നല്‍കണം. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രത്യേക പോളിങ് ഓഫീസര്‍ മുഖേന വോട്ടര്‍മാര്‍ക്ക് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. 1048 പോളിങ് ഓഫീസര്‍മാരെയാണ് ഇതിനായി നിയോഗിക്കുന്നത്.

പ്രചരണത്തിലും വോട്ടെടുപ്പിലും കോവിഡ് പ്രോട്ടോക്കോള്‍

കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പോളിംഗ് നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് പൊതു ഗ്രൗണ്ടുകള്‍ വീതം അനുവദിക്കണം എന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം പൊതുപരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ ഗ്രൗണ്ടുകളില്‍ മാത്രമേ നടത്താന്‍ അനുവദിക്കൂ. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ഗ്രൗണ്ട് അനുവദിക്കണം എന്നാണ് നിര്‍ദേശം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. തെര്‍മ്മല്‍ സ്‌കാനിങ് അടക്കം എല്ലാ കോവിഡ് സുരക്ഷാ ക്രമീകരണങ്ങളും വരണാധികാരിയുടെ കാര്യാലയത്തില്‍ ക്രമീകരിക്കും.

44 ക്രിട്ടിക്കല്‍ ബൂത്തുകള്‍

ജില്ലയില്‍ ആകെ 44 ക്രിട്ടിക്കല്‍ ബൂത്തുകളും (കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തുകയും ഒരു പാര്‍ട്ടിക്ക് മാത്രം 75 ശതമാനത്തിലേറെ വോട്ട് ലഭിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റീപോളിങ് നടന്നതുമായ ബൂത്തുകള്‍) 45 വള്‍നറബിള്‍ ലൊക്കേഷനുകളുമാണുള്ളത് (തിരഞ്ഞെടുപ്പില്‍ അനാവശ്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള വ്യക്തികള്‍ ഉള്ള പ്രദേശങ്ങള്‍). ഇവിടങ്ങളില്‍ ക്യാമറ ഒരുക്കും. വെബ്കാസ്റ്റിംഗും ഇത്തവണയുണ്ടാവും.

1591 ബൂത്തുകള്‍

ജില്ലയില്‍ 983 ബൂത്തുകളും 608 ഓക്‌സിലിയറി ബൂത്തുകളുമുള്‍പ്പെടെ ആകെ 1591 ബൂത്തുകള്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് 524 ഇടങ്ങളിലാണ്. 15 ഇടത്ത് പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയില്‍ താല്‍ക്കാലിക ബൂത്തുകള്‍ സജ്ജമാക്കും. ബൂത്തുകളില്‍ അവശ്യ സേവനങ്ങളും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കും.
ഓരോ നിയോജക മണ്ഡലത്തിലും ഓരോ വോട്ടണ്ണല്‍ കേന്ദ്രവും വിതരണ-സ്വീകരണ കേന്ദ്രവും ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി 2119 കണ്‍ട്രോള്‍ യൂണിറ്റുകളും 2174 ബാലറ്റു യൂണിറ്റുകളും 2141 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 70 കണ്‍ട്രോള്‍ യൂണിറ്റുകളും 110 വിവിപാറ്റുകളും കണ്ണൂരില്‍ നിന്ന് കൊണ്ടു വരും.

ജില്ലയിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ (മണ്ഡലം,
ജില്ലയിലെ സ്വീകരണ വിതരണ കേന്ദ്രം എന്ന ക്രമത്തില്‍)-
മഞ്ചേശ്വരം: കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാസര്‍കോട്: ഗവ കോളേജ് കാസര്‍കോട്
ഉദുമ: പെരിയ പോളിടെക്‌നിക് കോളേജ്
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജ്
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്‌നിക് തൃക്കരിപ്പൂര്‍

സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്നതിന് സ്‌ട്രോങ് റൂം ക്രമീകരിക്കും. വിതരണ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നടപ്പാക്കിയതുപോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കുക. ഓരോ പോളിങ് സ്റ്റേഷനിലെയും രണ്ട് പേരെ മാത്രമേ പ്രവേശിപ്പിക്കൂ. രാവിലെ 7 മണി, 9 മണി, 11 മണി എന്നിങ്ങനെയാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയക്രമം. ഭക്ഷണം പോളിങ് സ്റ്റേഷനുകളില്‍ കുടുംബശ്രീ വഴി വിതരണം ചെയ്യും. കോവിഡ് പ്രതിരോധ കിറ്റും നല്‍കും.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാല് കൗണ്ടിങ് ഹാളുകളാണുണ്ടാകുക. ഹാളുകളില്‍ 7 വീതം ടേബിളുകള്‍ ക്രമീകരിക്കും. ഒരു റൗണ്ടില്‍ 28 ടേബിളുകളില്‍ വോട്ടെണ്ണാന്‍ കഴിയും.


കണ്‍ട്രോള്‍ റൂം തുറക്കും

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കും. 1950 നമ്പറില്‍ വിളിച്ച് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
· മാതൃകാ പെരുമാറ്റ ചട്ടം വന്നാല്‍ പൊതുസ്ഥലങ്ങളിലെ എല്ലാ പരസ്യബോര്‍ഡുകളും നീക്കം ചെയ്യും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഫ്‌ളക്‌സുകള്‍ അനുവദിക്കില്ല. കോട്ടണ്‍ തുണികള്‍ മാത്രമേ ഉപയോഗിക്കാവു. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കും. 17 അന്തര്‍ സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ 51 സ്റ്റാറ്റിക് സര്‍വ്വൈലന്‍സ് സംഘത്തെനിയോഗിക്കും. പ്രചരണ ചെലവുകളും കര്‍ശനമായി നിരീക്ഷിക്കും.

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴില്‍ പ്രത്യേകം കമ്പ്യൂട്ടര്‍ അധിഷ്ഠിത കണ്‍ട്രോള്‍ റൂം തുറക്കും.

വരണാധികാരികള്‍

മണ്ഡലം, വരണാധികാരി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു-

മഞ്ചേശ്വരം: ഷാജി എം കെ (ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍)
കാസര്‍കോട്: ഷാജു (ആര്‍ ഡി ഒ)
ഉദുമ: ജയ ജോസ്‌രാജ് സി എല്‍ (ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ)
കാഞ്ഞങ്ങാട്: ഡി ആര്‍ മേഘശ്രീ (സബ്കളക്ടര്‍, കാഞ്ഞങ്ങാട്)
തൃക്കരിപ്പൂര്‍: സിറോഷ് പി ജോണ്‍ (ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍)


21 നോഡല്‍ ഓഫീസര്‍മാര്‍

ചുമതല, നോഡല്‍ ഓഫീസര്‍ എന്ന ക്രമത്തില്‍-

1. മാന്‍പവര്‍ മാനേജ്‌മെന്റ്- ആഞ്ജലോ എ (ഹുസൂര്‍ ശിരസ്തദാര്‍)
2. ഇ വി എം മാനേജ്‌മെന്റ്- പി കുഞ്ഞിക്കണ്ണന്‍ (വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍)
3. ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്-രാധാകൃഷ്ണന്‍ (കാസര്‍കോട് ആര്‍ ടി ഒ)
4. ട്രെയിനിങ് മാനേജ്‌മെന്റ്-നിനോജ് മേപ്പടിയത്ത് (ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍)
5. മെറ്റീരിയല്‍ മാനേജ്‌മെന്റ്-രാജന്‍ എ വി (സീനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ്)
6. ഇംപ്ലിമെന്റിങ് എം സി സി-അതുല്‍ എസ് നാഥ് (എ ഡി എം)
7. മെയിന്റനന്‍സ് ഓഫ് ലോ ആന്റ് ഓര്‍ഡര്‍- അതുല്‍ എസ് നാഥ് (എ ഡി എം)
8. എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്- സതീശന്‍ കെ (ഫിനാന്‍സ് ഓഫീസര്‍)
9. നോഡല്‍ ഓഫീസര്‍ ഫോര്‍ ഒബ്‌സര്‍വേര്‍സ്- വിനീത് വി വര്‍മ്മ (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍)
10. നോഡല്‍ ഓഫീസര്‍ ഫോര്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വ്വീസ് വോട്ടേര്‍സ് ആന്റ് ഇ ഡി സി- ആന്റോ പി ജെ (തഹസില്‍ദാര്‍ ഒ ടി)
11. മീഡിയ കമ്മ്യൂണിക്കേഷന്‍-മധുസൂദനന്‍ എം (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)
12. നോഡല്‍ ഓഫീസര്‍ ഫോര്‍ കമ്പ്യൂട്ടറൈസേഷന്‍- രാജന്‍ കെ ( ഡിസ്ട്രിക് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍)
13. നോഡല്‍ ഓഫീസര്‍ ഫോര്‍ എസ്‌വിഇഇപി – കവിതാറാണി രഞ്ജിത്ത് (ഐസിഡിഎസ് ജില്ലാ പ്രൊജക്ട് ഓഫീസര്‍)
14. ഹെല്‍പ്‌െെലന്‍, കംപ്ലെയിന്റ് റീഡ്രെസ്സല്‍- പ്രതീക്ഷ ടി എസ് ( ജൂനിയര്‍ സൂപ്രണ്ട്)
15. നോഡല്‍ ഓഫീസര്‍ ഫോര്‍ ഐസി ടി ആപ്ലിക്കേഷന്‍- ബിജു സി (ജൂനിയര്‍ സൂപ്രണ്ട്)
16. എസ്എംഎസ് മോണിറ്ററിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- ലീന (അഡീഷ്ണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍)
17. ജില്ലാ കോണ്‍ടാക്ട് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ ഫോര്‍ വോട്ടേര്‍സ് ഹെല്‍പ്‌ലൈന്‍- ശെല്‍വരാജ് ഡി എസ് (ജെ എസ് (പി ജി)
18. നോഡല്‍ ഓഫീസര്‍ ഫോര്‍ പേര്‍സണ്‍ വിത്ത് ഡിസെബിലിറ്റീസ്- ഷീബ മുംതാസ് (ജില്ലാ സോഷ്യല്‍ ജസ്റ്റീസ് ഓഫീസര്‍)
19. കോവിഡ് പ്രോട്ടോക്കോള്‍ ആന്റ് ആബ്‌സെന്റീസ് വോട്ടേര്‍സ്- ഷാജി പി കെ (ഡെപ്യൂട്ടി കളക്ടര്‍, സ്‌പെഷ്യല്‍ സെല്‍ ഫോര്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്)
20. ഗ്രീന്‍ പ്രോട്ടോക്കോള്‍- ലക്ഷ്മി (ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍)
21. സൈബര്‍ സെക്യൂരിറ്റി- പ്രജീഷ് തോട്ടത്തില്‍ (അഡീഷ്ണല്‍ എസ് പി കാസര്‍കോട്)

പരിശീലനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവരും സംബന്ധിച്ചു.