തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 176 ഹെക്ടര്‍ വനഭൂമിയില്‍ 108 കോടി രൂപ ചെലവിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനപരിപാലന കേന്ദ്രം സജ്ജമാകുന്നത്. ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന നാല്  ആവാസകേന്ദ്രങ്ങള്‍, കുട്ടിയാനകളുടെ പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍, വെറ്റിനറി ഹോസ്പിറ്റല്‍, എന്‍ട്രന്‍സ് പ്ളാസ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചത്. കിഫ്ബി ധനസഹായത്തോടെയാണ് നിര്‍മാണം.
വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 938 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വകുപ്പിലെ ആധുനികവല്‍ക്കരണവും വനപാലകരുടെ എണ്ണം വര്‍ധിപ്പിച്ചതും കാടിനെ നന്നായറിയുന്ന ആദിവാസിവിഭാഗങ്ങളെ വനപരിപാലനത്തില്‍ പങ്കാളികളാക്കിയതും വലിയ നേട്ടമുണ്ടാക്കി. നാട്ടാനകള്‍, കൂട്ടം തെറ്റുന്ന കുട്ടിയാനകള്‍ എന്നിവയുടെ സംരക്ഷണവും സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിനെല്ലാം പരിഹാരമാകുന്ന തരത്തിലാണ് കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രം ലോകോത്തര നിലവാരത്തില്‍ നവീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
പഠന ഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി, ഡോക്ടര്‍മാര്‍ക്കുള്ള മുറി, നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും, ആനപാപ്പാന്‍മാര്‍ക്ക്  കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്സുകള്‍,  40 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി സൗകര്യം, 16,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ആന മ്യൂസിയം, വിശാലമായ  ഹാള്‍, തിയേറ്റര്‍, വെര്‍ച്ച്വല്‍ ഇന്ററാക്ടീവ് സംവിധാനം, ദൃശ്യ- ശ്രാവ്യസംവിധാനങ്ങള്‍, ശില്‍പ്പ പ്രദര്‍ശന അങ്കണം , അന്‍പതിലധികം  പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ഭക്ഷണശാല, ടിക്കറ്റ് കൗണ്ടറുകള്‍, വിശാലമായ കാത്തിരിപ്പുകേന്ദ്രം, ക്ലോക്ക്റൂം, ഇന്റര്‍പ്രട്ടേഷന്‍ റൂമുകള്‍, ശൗചാലയങ്ങള്‍, സന്ദര്‍ശകര്‍ക്കായി 20 കോട്ടേജുകളും 40 കിടക്കകള്‍ ഉള്ള ഹോസ്റ്റല്‍ തുടങ്ങിയവ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിന്റെ സവിശേഷതകളാണ്.
ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, തദ്ദേശ ജനപ്രതിനിധികള്‍, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.