പദ്ധതി വഴി നെൽകൃഷിക്ക് വലിയതോതിൽ പ്രയോജനം ലഭിക്കും – മന്ത്രി കെ കൃഷ്ണൻ കുട്ടി
കോഴിക്കോട്: കൊയിലാണ്ടി, ഉള്ളിയേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന രാമർ പുഴയ്ക്ക് കുറുകെ ചിറ്റാരിക്കടവിൽ നിർമ്മിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പദ്ധതി യാഥാർത്ഥ്യമായതോടെ നെൽകൃഷിക്കും അനുബന്ധ കൃഷികൾക്കും വലിയതോതിൽ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ജില്ലയിലെ വിനോദ്ധസഞ്ചാരമേഖലക്ക് മുതൽക്കൂട്ടാവുകയും അതുവഴി തൊഴിലവസരങ്ങൾ വർധിക്കാൻ ഇടയാവുകയും ചെയ്യും. ബാലുശ്ശേരി, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലായി ജലസേചന വകുപ്പിൽ ഉൾപ്പെട്ട 35 പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്. 86.7 കോടി രൂപയുടെ പദ്ധതിയിൽ 19 എണ്ണം പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ ഷട്ടര്‍ സ്വിച്ച് ഓണ്‍ കർമ്മം നിർവഹിച്ചു.
കടലില്‍ നിന്നുള്ള ഉപ്പ് വെള്ളം കയറുന്നത് തടഞ്ഞ് കൊയിലാണ്ടി മുനിസിപ്പാലിറ്റി, ഉള്ളിയേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന 1665 ഹെക്ടര്‍ സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കി നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് പ്രയോജനപ്പെടുത്താൻ പദ്ധതി വഴി സാധിക്കും. റെഗുലേറ്റർ പ്രവർത്തനക്ഷമമാകുന്നതോടെ റെഗുലേറ്ററിൽ നിന്നും മുകൾഭാഗത്തായി ഏഴ് കിലോമീറ്ററോളം ദൂരത്ത് ശുദ്ധജലതടാകം രൂപപ്പെടും. ഇത് വഴി നിരവധി കുടുംബങ്ങൾക്ക് ശുദ്ധജലലഭ്യത ഉറപ്പുവരുത്താൻ സാധിക്കും. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന പാലവും പദ്ധതിയിലൂടെ യാഥാര്‍ഥ്യമായി. 20.18 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍തുക.
പദ്ധതിയിൽ 91 മീറ്റർ നീളത്തിൽ ഏപ്രണും ഇരുകരകളിലും 5.70മീറ്റർ ഉയരത്തിൽ എബട്മെന്റുകളും അവയ്ക്കിടയിലായി ഏഴ് പ്രധാന തൂണുകളും ഷട്ടറിന്റെ വീതി ക്രമീകരി ക്കുന്നതിനായി എട്ട് ഡമ്മി തൂണുകളുമാണ് നിർമ്മിച്ചത്. ഷട്ടറുകളുടെ വീതി 4.68 മീറ്ററും ഉയരം 3.20 മീറ്ററുമാണ്. മുകളിൽ 7.50 മീറ്റർ വീതിയിൽ ക്യാരേജ് വേ ഉള്ള പാലവും ഇരുഭാഗത്തും ഗതാഗത സൗകര്യത്തിനായി 8.50 മീറ്റർ വീതിയിൽ ക്യാരേജ് വേയുള്ള 240 മീറ്റർ മെക്കാഡം പൂർത്തീകരിച്ചു.
മൈനർ ഇറിഗേഷൻ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സത്യൻ കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത.സി, കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം ആലങ്കോട് സുരേഷ് ബാബു, മുൻ പ്രസിഡണ്ട് ഷാജു ചെറുകാവിൽ, മൈനർ ഇറിഗേഷൻ കോഴിക്കോട് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ മനോജ് എം.കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. വത്സരാജൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.