കാസർഗോഡ്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് വിദ്യാനഗര്‍ കളക്ടറേറ്റിന് സമീപം നിര്‍മിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18ന) ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു, തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം. സാലിയന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.
1.76 കോടി രൂപ ചെലവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍മ്മിച്ച ഈ കെട്ടിടം സംസ്ഥാനത്ത് ഒരു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് മാത്രമായി നിര്‍മിച്ച ഏറ്റവും വലിയ ആസ്ഥാന മന്ദിരമാണ്. ഓഫീസ് സംവിധാനത്തിനു പുറമേ വിപുലമായ ഇന്‍ഫര്‍മേഷന്‍ ഹബ്ബായി വികസിപ്പിക്കാനുതകുന്ന സെന്റര്‍, ഡിജിറ്റല്‍ വീഡിയോ ലൈബ്രറി, ശബ്ദനിയന്ത്രണ സംവിധാനമുള്ള പി ആര്‍ ചേംബര്‍, മലയാളം, കന്നഡ പ്രസ് റിലീസ് വിഭാഗം, മൊബൈല്‍ ജേണലിസം സ്റ്റുഡിയോ, പ്രിസം വിഭാഗം സാങ്കേതിക വിഭാഗം എന്നിവ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. 2019 ഫെബ്രുവരി 25ന് മന്ത്രി ഇ ചന്ദ്രശേഖരനാണ് കെട്ടിടത്തിന് ശിലയിട്ടത്. വനിത, ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ ഹരിത ഓഫീസാണിത്.