വാഗ്ദാനം നിറവേറ്റി; ജില്ലയില്‍ മൂന്ന് മാവേലി സ്‌റ്റോറുകള്‍ കൂടി
കാസർഗോഡ്: സംസ്ഥാനത്ത് 14 സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പന കേന്ദ്രങ്ങളായി. സമ്പൂര്‍ണ വില്‍പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഇതോടെ സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് 1611 വില്‍പന കേന്ദ്രങ്ങളായി. അഞ്ച് വര്‍ഷത്തിനിടെ 98 പുതിയ വില്‍പനശാലകളും നവീകരിച്ച് മോടി കൂട്ടിയ 194 വില്‍പനശാലകളും സപ്ലൈകോ തുറന്നു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സിവില്‍സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറുകള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മധൂര്‍, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ കൂടി മാവേലി സ്റ്റോറുകള്‍ ആരംഭിച്ചതോടെ കാസര്‍കോട് ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആയെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ മധൂര്‍ ഗ്രാമപഞ്ചായത്തിലെ ഉളിയത്തടുക്കയിലും കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ ജയനഗറിലും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ബദര്‍ നഗറിലുമാണ് മാവേലി സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തത്.
കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ ജയനഗറില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഹമീദ് ആദ്യ വില്‍പന നടത്തി. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്റ്റ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ റസാഖ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഖദീജ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സഞ്ജീവ ഷെട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. നാരായണന്‍ നമ്പ്യാര്‍, മാത്യു തെങ്ങുംപള്ളി, പ്രസാദ ഭണ്ഡാരി, അബൂബക്കര്‍, രവീന്ദ്രറായ് ഗോസാഡെ, അനന്തന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, കെ.പി മുനീര്‍, ദാമോദരന്‍ ബെള്ളിഗെ, റെജിലേഷ് എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ അലി അസ്ഹര്‍ പാഷ സ്വാഗതവും കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
ഉളിയത്തടുക്കയില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, വാര്‍ഡ് മെമ്പര്‍ കെ. രതീഷ്, വിവിധ രാഷ്ടീയകക്ഷി നേതാക്കളായ രവീന്ദ്ര റൈ, എം.കെ. രവീന്ദ്രന്‍, കെ.ടി. കിഷോര്‍, കരിവെള്ളൂര്‍ വിജയന്‍, കെ.ടി.ഉമേഷ്, രാധാകൃഷ്ണ സൂര്‍ ലു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡിപ്പോ മാനേജര്‍ നാരായണന്‍കുട്ടി നന്ദി പറഞ്ഞു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ബദര്‍ നഗര്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ആദ്യ വില്‍പ്പന നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുഹമ്മദ് റഫീഖ് കുന്നില്‍, കെ. സുനില്‍ കുമാര്‍, ഹമീദ് പുറപ്പാടി, ഖലീല്‍, ആര്‍.വി ജയകുമാര്‍, ബി.എസ് ജമാല്‍, കെ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് അശോകന്‍ നന്ദി പറഞ്ഞു.