പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നാളെ (ഫെബ്രുവരി 18 വ്യാഴം) പത്തനംതിട്ട ജില്ലയിലെ അഞ്ചു സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. അടൂര്‍ ജി.ബി.എച്ച്.എസ്.എസ്, കടപ്ര കെ.എസ്.ജി.എച്ച്.എസ്.എസ്, കോഴഞ്ചേരി ജി.എച്ച്.എസ്, കോന്നി ജി.എച്ച്.എസ്.എസ്, വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസ് എന്നീ പൊതുവിദ്യാലയങ്ങളെയാണ് ആധുനിക സൗകര്യങ്ങളൊരുക്കി മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തിയത്. ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയത്. കൂടാതെ അഞ്ചു നിയോജക മണ്ഡലങ്ങളിലുമായി എം.എല്‍.എമാര്‍ തെരഞ്ഞെടുത്ത ഈ വിദ്യാലയങ്ങള്‍ക്ക് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചു. അടൂര്‍ ജി.ബി.എച്ച്.എസ്.എസില്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച അഞ്ച് കോടി രൂപയും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച മൂന്നു കോടി രൂപയും ചേര്‍ത്ത് എട്ടു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്.പദ്ധതിയില്‍ നാലു കെട്ടിടങ്ങളാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെട്ടിട ബ്ലോക്ക് ഒന്നില്‍ 2379 ച.അടി രണ്ടു ക്ലാസ് മുറികളും രണ്ടും ബ്ലോക്കില്‍ 2355 ച.അടി നാലു ക്ലാസ് മുറികളും മൂന്നാം ബ്ലോക്കില്‍ 1875 ച.അടിയിലായി ഒരു ലാബും ഒരുക്കി.
ഹയര്‍ സെക്കഡറി വിഭാഗത്തിനും ഉപയോഗിക്കാവുന്ന ബ്ലോക്ക് ആറ് പുതിയ ബഹുനില കെട്ടിടത്തില്‍ 31300 ച.അ 14 ക്ലാസ് മുറികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്‌ലറ്റ്, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ ടോയ്‌ലുറ്റുകള്‍, ഏഴ് ലാബുകള്‍, അഞ്ച് ഓഫീസ് റൂമുകള്‍, ഒരു സെമിനാര്‍ ഹാള്‍ എന്നിവയും നിര്‍മിച്ചു. ഇതില്‍ ബ്ലോക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നിവയുടെ പണികള്‍ അവസാനഘട്ടത്തിലാണ്. ബ്ലോക്ക് ആറിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു. കടപ്ര കണ്ണശ്ശ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കിഫ്ബിയുടെ അഞ്ചു കോടി രൂപ ധനസഹായവും മാത്യു ടി. തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 83 ലക്ഷം രൂപയും വിനിയോഗിച്ച് 5.83 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
രണ്ടു കെട്ടിടങ്ങളിലായി ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അക്കാദമിക് ബ്ലോക്കില്‍ 9100 ചതുരശ്ര അടികളിലായി ആറു ക്ലാസ് മുറികള്‍, ആവശ്യമായ ശുചിമുറികള്‍, രണ്ട് സ്റ്റാഫ് റൂം, ഒരു മെഡിക്കല്‍ റൂം എന്നിവ ഉള്‍പ്പെിടുത്തിയാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്‍.പി, യു.പി വിഭാഗത്തിനായി കിച്ചന്‍ ആന്‍ഡ് ഡൈനിംഗ് സൗകര്യം ഉള്‍പ്പെടെ 2344 ചതുരശ്രയടിയിലായി രണ്ടു അടുക്കള, രണ്ടു സ്റ്റോര്‍ റൂം, 100 പേര്‍ക്കിരിക്കാവുന്ന ഡൈനിംഗ് ഹാള്‍, എട്ട് വാഷ് ബേസിന്‍ എന്നിവ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. നിലവില്‍ അക്കാദമിക് കെട്ടിടത്തിന്റെയും കിച്ചന്‍ ആന്‍ഡ് ഡൈനിംഗ് കെട്ടിടത്തിന്റെയും പണികള്‍ അവസാനഘട്ടത്തിലാണ്.
കോന്നി ജി.എച്ച്.എസ്.എസില്‍ കിഫ്ബിയുടെ അഞ്ചു കോടി രൂപയുടെ ധനസഹായത്തോടുകൂടി രണ്ടു കെട്ടിടങ്ങളാണു പൂര്‍ത്തിയായത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 9475 ചതുരശ്രയടിയിലായി 11 ക്ലാസ് മുറികള്‍, ആവശ്യമായ ശുചിമുറികള്‍, ഒരു സ്റ്റാഫ് റൂം എന്നീ സൗകര്യങ്ങള്‍ നാലു നിലകളിലായി ഉള്‍പ്പെടുന്നു.സ്റ്റേജ് ബ്ലോക്കില്‍ 3873 ചതുരശ്രയടിയിലായി മൂന്നു നിലകളിലായി ഒരു ലാബും ഒരു ലൈബ്രറിയും താഴത്തെ നിലയില്‍ ഒരു സ്റ്റേജും ഉള്‍പ്പെയടുത്തി പണികള്‍ പൂര്‍ത്തിയായി. കോഴഞ്ചേരി ജി.എച്ച്.എസില്‍ കിഫ്ബിയുടെ അഞ്ചു കോടി രൂപ ധനഹായത്തോടുകൂടി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളാണുള്ളത്. ഇതില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി ഒരുക്കുന്ന അക്കാദമിക് ബ്ലോക്കിന് 10135 ചതുരശ്രയടിയിലായി 11 ക്ലാസ് മുറികള്‍, ആവശ്യമായ ശുചിമുറികള്‍, ഒരു സ്റ്റാഫ് റൂം, ഒരുകൗണ്‍സിലിംഗ് റൂം എന്നീ സൗകര്യങ്ങള്‍ രണ്ടു നിലകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചു കോടി രൂപയ്ക്ക് പുറമെ വീണാ ജോര്‍ജ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപയും വിനിയോഗിച്ചു. ഓഡിറ്റോറിയം ബ്ലോക്കില്‍ 9789 ചതുരശ്രയടിയിലായി താഴത്തെ നിലയില്‍ ഒരു കിച്ചണ്‍, ഒരു സ്റ്റോര്‍റൂം, 80 പേര്‍ക്കിരിക്കാവുന്ന ഡൈനിംഗ് ഹാള്‍, ആവശ്യമായ ശുചിമുറികള്‍, ഒരു ലൈബ്രറി, ഒരു സെമിനാര്‍ ഹാള്‍, ഒരു മെഡിക്കല്‍ റൂം, ഒരു ആര്‍ട്ട് ഗാലറി എന്നിവയും മുകളിലത്തെ നിലയില്‍ 300 പേര്‍ക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയവും രണ്ട് ശുചിമുറികളും ഉള്‍പ്പെടുത്തിയാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. അക്കാദമിക് ബ്ലോക്കിന്റെ 85 ശതമാനം പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ 70 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസില്‍ കിഫ്ബിയുടെ അഞ്ചു കോടി ധനസഹായവും രാജു എബ്രഹാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 50 ലക്ഷവും ചേര്‍ത്ത് 5.50 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പുതിയ രണ്ടു കെട്ടിടങ്ങളാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തിനായി 11386 ച.അ 16 ക്ലാസ് മുറികളും ആവശ്യമായ ശുചിമുറികള്‍, ഒരു ഓഫീസ് റൂം എന്നിവ ഉള്‍പ്പെടുത്തി രണ്ടു നിലകളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി സംരക്ഷണഭിത്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തിനായി 6122 ച.അ. ആറ് ക്ലാസ് മുറികള്‍, അഞ്ച് ശുചിമുറികള്‍, ഒരു ഓഫീസ് റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എച്ച്.എസ് ബ്ലോക്കിന്റെ 85 ശതമാനം പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.