തൊഴില്‍ നൈപുണ്യത്തിന് പ്രത്യേക കേന്ദ്രം; നിര്‍മാണോദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

കാസർഗോഡ്: തൊഴില്‍ നൈപുണ്യത്തിന്റെ വിവിധ തലങ്ങള്‍ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലും കൗശല്‍ കേന്ദ്ര തയ്യാറാവുന്നു. ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയില്‍ തുടങ്ങുന്ന പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി വിദഗ്ധ സേവനം ലഭ്യമാക്കുന്നതിനും തൊഴിലാളികള്‍ക്ക് തൊഴില്‍ തേടുന്നതിനും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയിസ്) ആവിഷ്‌കരിച്ച സ്‌കില്‍ രജിസ്ട്രി ആപ്പിലേക്കുള്ള സ്‌കില്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ നിര്‍വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി അപ്പാരല്‍ പാര്‍ക്ക് കെട്ടിടത്തില്‍ അനുവദിച്ച ഒന്നാം നിലയിലാണ് ഈ കൗശല്‍ കേന്ദ്ര ഒരുങ്ങുന്നത്. ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാന നൈപുണ്യവികസന ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കെയിസ് ആണ് കൗശല്‍ കേന്ദത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഗ്രാമീണ യുവജനങ്ങളെ കേന്ദ്രീകരിച്ചുണ്ടാക്കിയ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കായാണ് കൗശല്‍ കേന്ദ്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. മിതമായ നിരക്കിലുള്ള ഫീസായിരിക്കും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുക. വിവിധ മേഖലകളിലുള്ളവരെ പരിശീലിപ്പിക്കാനായി കെയിസിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, അസസ്‌മെന്റ് ആന്റ് കൗണ്‍സിലിങ്് സെന്റര്‍, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യത്തോടു കൂടിയ മള്‍ട്ടി സ്‌കില്‍ സെന്റര്‍ എന്നിവ ഇവിടെ സജ്ജമാക്കും.

ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ രമണി, ബേഡഡുക്ക വൈസ് പ്രസിഡന്റ് എ മാധവന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ ടി വരദരാജ്, പഞ്ചായത്ത് അംഗങ്ങളായ ബി എല്‍ നൂര്‍ജഹാന്‍, ടി പി ഗോപാലന്‍, കെയിസ് എം ഡി ഡോ. എസ് ചിത്ര, കെയ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എം ആര്‍ അനൂപ്, ജില്ലാ സ്‌കില്‍ കോഡിനേറ്റര്‍ കരീം എരിയാല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി കെ ടി നിസാര്‍, അപ്പാരല്‍ പാര്‍ക്ക് സൂപ്പര്‍വൈസര്‍ എം തങ്കമണി, എം അനന്തന്‍, ദാമോദരന്‍ കൂവാര, പി കെ ഗോപാലന്‍, മുരളീധരന്‍ മലാങ്കാട് തുടങ്ങിയവര്‍ ബന്ധിച്ചു.