വെന്നിയൂരിലെ മിനി വൈദ്യുതി നിലയം നാടിന് സമര്‍പ്പിച്ചു
മലപ്പുറം: സൗരോര്‍ജ രംഗത്ത് 1000 മെഗാവാട്ട് ഉല്‍പ്പാദനമാണ് ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കുന്നതില് കെ.എസ്.ഇ.ബി പുരോഗതി കൈവരിച്ചെന്നും മന്ത്രി പറഞ്ഞു. വെന്നിയൂരില്‍ 94 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മിനി വൈദ്യുതി നിലയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജരംഗത്ത് 50 വര്‍ഷത്തേക്ക് പ്രതിസന്ധിയുണ്ടാകാത്തവിധത്തില് മുന്നൊരുക്കങ്ങള്‍ നടത്തി. ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി നല്കാനുമായി. വൈദ്യുത മേഖലയില്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത വിധം കേരളം മുന്നേറിയെന്നും മന്ത്രി എം.എം മണി വ്യക്തമാക്കി.
എല്ലാ പരാതികളും ഇല്ലാതാക്കി കെ.എസ.ഇ.ബി വിസ്മയം സൃഷ്ടിച്ചെന്ന് ചടങ്ങില്‍ അധ്യക്ഷനായ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. പവര്‍ കട്ട്, ലോഡ് ഷെഡിംഗ്, വൈദ്യുതി ക്ഷാമം എന്നിവ ജനങ്ങള്‍ മറന്നുപോയ കാലമാണിതെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. വെന്നിയൂരില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷനായ പി.കെ അബ്ദുറബ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തിരൂര്‍ സര്‍ക്കിള്‍ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം. അബ്ദുല്‍കലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എം.എന്‍ സുഹ്റാബി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, നഗരസഭ കൗണ്‍സിലര്‍ പൈനാട്ടില്‍ ഖദീജ, നന്നമ്പ്ര, തെന്നല പഞ്ചായത്ത് പ്രസിഡന്റുമാരായ റൈഹാനത്ത് ടീച്ചര്‍, കെ.വി മജീദ്, പ്രൊഫ പി. മമ്മദ്, മോഹനന് വെന്നിയൂര്‍, കെ.എം മൊയ്തീന്, മോഹനന് കാളങ്ങാട്ട്, എ.ടി സൈതലവി, ജി.സുരേഷ്കുമാര്‍, കവറൊടി മുഹമ്മദ് മാസ്റ്റര്‍, മുഹമ്മദ്കുട്ടി, ആങ്ങാടന്‍ മൊയ്തീന്‍കുട്ടി, എന്‍.വി ഗോപാലകൃഷ്ണന്, കെ.എസ്.ഇ.ബി കോഴിക്കോട് നോര്‍ത്ത് ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ എം.എ ടെന്‍സണ്‍, തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി വേലായുധന് എന്നിവര്‍ സംസാരിച്ചു.
തിരൂരങ്ങാടി ഡിവിഷന്, തിരൂരങ്ങാടി സബ് ഡിവിഷന്, വെന്നിയൂര്‍ സെക്ഷന്‍ എന്നീ ഓഫീസുകള്‍ക്കായാണ് പുതിയ കെട്ടിടം ഒരുങ്ങിയത്. 470 സ്ക്വയര്‍ മീറ്ററില്‍ രണ്ടു നിലകളിലായാണ് വെന്നിയൂരിലെ പുതിയ കെട്ടിടം. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷന്, സബ് സ്റ്റേഷന്, പോള്‍ കാസ്റ്റിങ് നിര്‍മാണ യൂനിറ്റ് തുടങ്ങിയ പദ്ധതികളും ഭാവിയില്‍ ഇവിടെ നടപ്പാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.