എറണാകുളം: അന്താരാഷ്ട്ര ചലച്ചിത്രമേള എക്കാലത്തെയും പോലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. മേളക്കെത്തുന്നവരുടെ തിരക്ക് കോവിഡ് കുറച്ചെങ്കിലും യുവജനതയുടെ പ്രാതിനിധ്യത്തിന് മങ്ങലേൽപിച്ചിട്ടില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളും വിദ്യാർത്ഥികളും കൂട്ടമായെത്തി കൊച്ചി മേളയെ സ്വീകരിച്ചു കഴിഞ്ഞു. മേളക്കെത്തിയ യുവാക്കളിൽ ചിലരുടെ പ്രതികരണത്തിൽ നിന്ന്.
ഡേവിസ് , കോട്ടയം
കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രമേള മറ്റു ഫെസ്റ്റിവലുകളിൽ നിന്ന് വ്യത്യാസപ്പെ ട്ടിരിക്കുന്നത് പുതുമയും നിലവാരവും ഉള്ള പുത്തൻ തലമുറയിൽ പെട്ട കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് . പുതിയ കലാകാരന്മാർക്കും അവരുടെ സൃഷ്ടികൾക്കും എന്നും പ്രോത്സാഹനം നൽകുന്നുണ്ട്. ഈ കൊല്ലവും ഇത്തരം പ്രോത്സാഹനം തുടരുമെന്നാണ് വിശ്വാസം. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഫോട്ടോഗ്രഫി എക്സിബിഷൻ. സിനിമകളും നിലവാരം പുലർത്തുന്നു. യെ മാ ഫെൻ സോങ്,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, യെല്ലോ ക്യാറ്റ് തുടങ്ങിയവയെല്ലാം വളരെ അധികം നന്നായിരുന്നു.
ബ്ലെസൺ, കൊച്ചി
ഇത്തവണത്തെ ചലച്ചിത്രമേള സ്പെഷ്യൽ ആണ്. ആദ്യമായാണ് കൊച്ചി മേള ക്കു സാക്ഷ്യം വഹിക്കുന്നത്. മുംബൈയിൽ പങ്കെടുത്ത ഫിലിം ഫെസ്റ്റിവൽ വളരെ നല്ലതായിരുന്നു. അവിടെ തിരക്ക് കൂടുതൽ ആയിരുന്നു. നല്ല ഒരു വൈബ് അവിടെ കിട്ടുമായിരുന്നു. ഇവിടെ ആദ്യമായാണ് ഫെസ്റ്റിവൽ നടക്കുന്നത് എന്ന് ഒട്ടും തോന്നില്ല. ഇവിടെ ഒരുപാട് സിനിമ ആസ്വാദകർ ഉണ്ട്. അതോടൊപ്പം തന്നെ താരങ്ങളും. അതുകൊണ്ട് തന്നെ കൊച്ചിയിൽ ഫെസ്റ്റിവൽ നടത്തുന്നതിൽ സന്തോഷം ഉണ്ട്. ഞാൻ രണ്ടു സിനിമകൾ കണ്ടു. അതിൽ നൈറ്റ് ഓഫ് കിങ്സ് വളരെ അധികം ഇഷ്ടപ്പെട്ടു. എല്ലാരും കാണേണ്ട സിനിമ ആണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി കാണാൻ ആഗ്രഹികുന്ന ഒരു സിനിമയാണ്.
ജോബ്, തിരുവനന്തപുരം
ഞാൻ സ്ഥിരമായി മേളക്ക് വരുന്നതാണ്. പുതുമ കാത്തുസൂക്ഷിക്കാൻ കൊച്ചി മേളക്ക് സാധിക്കുന്നുണ്ട്. കോവിഡ് മൂലം ആളുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഫിലിം ഫെസ്റ്റിവലിന്റെ മോടി ഒട്ടും കുറഞ്ഞിട്ടില്ല. കോവിഡ് ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിലും ചലച്ചിത്ര അക്കാദമി മേള സംഘടിപിക്കാൻ തീരുമാനിച്ചത് സിനിമ ആസ്വാദകർക്കു സന്തോഷം തരുന്ന കാര്യമാണ്. കോവിഡ് ടെസ്റ്റ് ചെയ്ത ശേഷം റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രം പ്രവേശനം അനുവദിക്കുന്നതും തീയേറ്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തത് മേള സുഗമമായി നടത്താൻ സഹായിക്കും.