മലപ്പുറം:‍ താനൂര് മണ്ഡലത്തിലെ നിറമരുതൂരില്‍ മൂന്ന് അങ്കണവാടികള്‍ക്ക് കൂടി പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. നിറമരുതൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി, പത്തത്തില്‍, നാസര്‍പ്പടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്കാണ് പുതുതായി കെട്ടിടം പണിയുന്നത്. അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സജിമോള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രേമ, നിറമരുതൂര്‍ പഞ്ചായത്തംഗം പി.വി പ്രേമലത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി ശശി, പി.പ്രഭാകരന്‍, അങ്കണവാടി ടീച്ചര്‍ നദിക, പഞ്ചായത്തംഗം കെ.ഹസീന, ടി. രാമന്‍, ശിവദാസ മേനോന്‍, അങ്കണവാടി ടീച്ചര്‍ ലീന, പഞ്ചായത്തംഗം പി.ടി സഹദുള്ള, കെവി ഷംസു, അലിക്കുട്ടി, കെ.പി ഉമ്മര്‍, ഖാലിദ് എന്നിവര്‍ സംസാരിച്ചു.

ചാരാത്ത് കുഞ്ഞിക്കുട്ടി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് പടിഞ്ഞാറങ്ങാടി അങ്കണവാടിയ്ക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 13 ലക്ഷം രൂപ ചെലവില്‍  കെട്ടിടം പണിയുന്നത്. പത്തത്തില്‍ അങ്കണവാടിയ്ക്ക് കെട്ടിടം പണിയാന്‍ ഇടിയാട്ട് ചെറിയചോയിയാണ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. ആസ്തിവികസന ഫണ്ടില്‍ നിന്ന് എം.എല്‍.എ അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം. നാസര്‍പടിയിലെ അങ്കണവാടിയ്ക്കായി പി.ടി നാരായണന്‍ നായരുടെ കുടുംബമാണ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്. 12 ലക്ഷം രൂപയ്ക്കാണ് ഇവിടെ കെട്ടിടം നിര്‍മിക്കുക.