തിരുവനന്തപുരം: അന്ധരായ മധുവിനും മുരളിക്കും സ്വന്തമായി ഉപജീവന മാര്‍ഗം തുടങ്ങാന്‍ സര്‍ക്കാരിന്റെ സഹായം. എസ്.എം.വി. സ്‌കൂളില്‍ ഇന്നലെ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഇരുവര്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗത്തിനായി ലോട്ടറി വില്‍പ്പനയ്ക്കും പെട്ടിക്കട തുടങ്ങുന്നതിനുമായി 20,000 രൂപ വീതം അനുവദിച്ചു.
ഉപജീവന മാര്‍ഗത്തിനു സര്‍ക്കാരിന്റെ സഹായം തേടി ഇരുവരും സാന്ത്വന സ്പര്‍ശം അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ അദാലത്ത് വേദിയിലെത്തിയ ഇരുവരേയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടു കേട്ടു. സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്താനായാല്‍ തങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു ശാശ്വത പരിഹാരമാകുമെന്ന് ഇരുവരും മന്ത്രിയോടു പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഇരുവര്‍ക്കും 20,000 രൂപ വീതം അനുവദിച്ചത് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിലെ അംഗങ്ങളാണ് ഇരുവരും.
നെടുമങ്ങാട് സ്വദേശിയാണ് മുരളി. വീട്ടില്‍ ഭാര്യയും രണ്ട് പെണ്‍ മക്കളുമാണുള്ളത്. ബാലരാമപുരം സ്വദേശി മധു വിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. സര്‍ക്കാരിന്റെ വികലാംഗ പെന്‍ഷനും സൗജന്യ റേഷനും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്. ഇതിനൊപ്പം സ്വന്തമായി ഉപജീവനമാര്‍ഗംകൂടിയാകുന്നത് ഇരു കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാണ്.