മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയ 23,255 അനർഹരെ നീക്കി

ജില്ലയിലെ റേഷൻ വിതരണത്തിനുള്ള മുൻഗണനാ വിഭാഗത്തിൽ അനർഹമായി കടന്നുകൂടിയ 23,255 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ സുരേഷ് കുമാർ അറിയിച്ചു. ഇവരെ കണ്ടെത്തി മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കുകയും പകരം അർഹരായ പട്ടികയിൽപ്പെടാത്തവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി.
അർഹരായിട്ടും പട്ടികയിൽ ഉൾപ്പെടാതിരുന്ന 1687 പേരെ അന്ത്യോദയാ അന്ന യോജന ലിസ്റ്റിൽ പുതുതായി ചേർത്തു. തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ മാത്രം 425 പേരെ ഇപ്രകാരം ഉൾപ്പെടുത്തി. മുൻഗണനാ കാർഡിനത്തിൽ ജില്ലയിലാകെ 17,902 പേരെ പുതുതായി ഉൾപ്പെടുത്തി. ജില്ലയിലാകെ 1888 റേഷൻ കടകളിലായി 8,80,205 കാർഡ് ഉടമകളാണുള്ളത്. 63,385 അന്ത്യോദയാ അന്ന യോജനാ കാർഡുകളും(മഞ്ഞ), 3,41,332 മുൻഗണനാ കാർഡുകളും (ചുമപ്പ്), 2,50,801 സബ്‌സിഡി കാർഡുകളും (നീല), 2,24,687 മുൻഗണനേതര കാർഡുകളും നിലവിലുണ്ട്.
റേഷൻ സാധനങ്ങൾ കടകളിലെത്തിയാൽ ഉപഭോക്താവിന് മൊബൈൽ വഴി സന്ദേശം നൽകുന്ന പുതിയ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമാണ്. വാതിൽപ്പടി റേഷൻ വിതരണം കാര്യക്ഷമമായി ജില്ലയിൽ നടന്നുവരുന്നു. മൊത്തവിതരണക്കാരെ ഒഴിവാക്കി സിവിൽ സപ്ലൈസ് വകുപ്പിനാണ് ഇപ്പോൾ വിതരണ ചുമതലയെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.