മലമ്പനി നിവാരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കം. ജില്ലയിൽ 2020 ഓടുകൂടി മലമ്പനി നിവാരണം സാദ്ധ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. മലമ്പനി റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ നിയന്ത്രണപ്രവർത്തനങ്ങളും മലമ്പനി രോഗസാദ്ധ്യതയുളളവരിൽ കൃത്യമായ പരിശോധനയും കൊതുക് നശീകരണപ്രവർത്തനങ്ങളും ഉറവിടനശീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് 2020 ൽ സംഘടിപ്പിച്ച മലമ്പനി നിവാരണം ജില്ലാതല ഔദ്യോഗിക പ്രഖ്യാപനം വഴുതയ്ക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി തദ്ദേശീയ മലമ്പനി ഇല്ലാതാക്കുക, മലമ്പനി മൂലമുളള മരണം ഒഴിവാക്കുക, അതിഥി തൊഴിലാളികളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ പോയി തിരികെ വരുന്നവരിൽ നിന്നും തദ്ദേശീയർക്ക് മലമ്പനി ഉണ്ടാകുന്നത് തടയുക എന്നിവയാണ് മലമ്പനി നിവാരണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അതിഥി തൊഴിലാളികളിലും മത്സ്യബന്ധനത്തിനായും പഠനാവശ്യങ്ങൾക്കും ഇതര സംസ്ഥാനങ്ങളിൽ പോയി തിരിച്ചുവരുന്നവരിലും പനിയുണ്ടായാൽ രക്തപരിശോധന നിർബന്ധമായും നടത്തുകയും ഇവരുടെ താമസസ്ഥലങ്ങളിലും പരിസരത്തും കൊതുക് നശീകരണപ്രവർത്തനങ്ങളും ഉറവിടനശീകരണപ്രവർത്തനങ്ങളും ഊർജ്ജിതമായി നടത്തണം.
കോർപറേഷൻ മേയർ അഡ്വ. വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. മലമ്പനി നിവാരണം 2020 ഓടെ ശിൽപശാലയുടെ ഉദ്ഘാടനം അഡീ. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജോൺ വി.സാമുവൽ നിർവഹിച്ചു. ശില്പശാലയിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷി, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നീനാ റാണി, ജില്ലാ മലേറിയ ഓഫീസർ രാജശേഖരൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ആഫീസർ ഡോ. പി.പി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ദേവദാസ്, വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹിൽക്ക് രാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരോഗ്യ ജാഗ്രതാപ്രവർത്തനങ്ങളുടെ അവലോകനം, ആരോഗ്യ ബോധവൽക്കരണ പ്രദർശനം എന്നിവ നടത്തി.. യോഗത്തിൽ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുതല അദ്ധ്യക്ഷൻമാർ, ഹരിതകേരളം, ശുചിത്വ്വമിഷൻ കോ-ഓർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.