ജില്ലയിൽ ആകെ നൽകിയ ധനസഹായം 5.5 കോടി

തിരുവനന്തപുരം: സാന്ത്വന സ്പർശം അദാലത്തിൽ തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി നൽകിയത് 3,15,00,000 രൂപയുടെ സഹായം. എസ്.എം.വി. സ്‌കൂളിൽ നടന്ന അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് ഇത്രയും തുക സഹായമായി നൽകിയത്. ഇതിനു പുറമേ ജനങ്ങളുടെ വിവിധങ്ങളായ മറ്റു പ്രശ്‌നങ്ങൾക്കും പരിഹാരമായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്‌സിക്കുട്ടി അമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുട നേതൃത്വത്തിലായിരുന്നു അദാലത്ത്.

അക്ഷയ സെന്ററുകൾ മുഖേനയും ഓൺലൈനായും നേരിട്ടും ലഭിച്ച 5,756 പരാതികളാണ് ഇരു താലൂക്കുകളിലുമായി ഇന്നലെ പരിഗണിച്ചത്. ആകെ 1778 പരാതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായത്തിനായി ലഭിച്ചിരുന്നു. ഇതിൽ തിരുവനന്തപുരം താലൂക്കിൽ 746 അപേക്ഷകളിലായി 1,19,11,000 രൂപയും നെടുമങ്ങാട് താലൂക്കിൽ 567 പരാതികളിലായി 90,77,500 രൂപയും നൽകി.

ലഭിച്ച ആകെ പരാതികളിൽ 3290 എണ്ണം തീർപ്പാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളൽനിന്നു നേരിട്ട് അപേക്ഷ നൽകുന്നതിനായും ഇന്നലെ ആളുകൾ അദാലത്ത് വേദിയിലെത്തിയിരുന്നു. 4244 പരാതികളാണ് ഇന്നലെ മാത്രം ലഭിച്ചത്. ഇതിൽ ഇനിയും തീർപ്പുണ്ടാക്കാനുള്ളവ വകുപ്പുതലത്തിൽ ക്രോഡീകരിച്ച് ഉടൻ തീർപ്പുണ്ടാക്കും.

തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി 132 പേർക്ക് ഇന്നലെ പുതുതായി പട്ടയവും കൈവശാവകാശ രേഖകളും നൽകി. 30 എണ്ണം തിരുവനന്തപുരം താലൂക്കിലും 102 എണ്ണം നെടുമങ്ങാട് താലൂക്കിലുമാണു നൽകിയത്. പുതുതായി 199 പേർക്ക് ഇരു താലൂക്കിലുമായി റേഷൻ കാർഡ് അനുവദിച്ചു. ഇതിൽ തിരുവനന്തപുരം താലൂക്കിൽ 92ഉം നെടുമങ്ങാട് താലൂക്കിൽ 107ഉം പേർക്ക് കാർഡ് നൽകാൻ കഴിഞ്ഞു. 17,700 രൂപയുടെ വിള ഇൻഷ്വറൻസും അദാലത്തിൽ നൽകി.

കാട്ടക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികൾ പരിഹരിക്കാൻ ഫെബ്രുവരി എട്ടിനു നെയ്യാറ്റിൻകരയിലും ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്കായി ഒമ്പതിന് ആറ്റിങ്ങലിലും അദാലത്ത് സംഘടിപ്പിച്ചിരുന്നു.

യഥാക്രമം 1,30,23,000 രൂപ, 1,04,36,500 രൂപ എന്നിങ്ങനെയാണ് സി.എം.ഡി.ആർ.എഫിൽനിന്നുള്ള സഹായം അനുവദിച്ചത്. എസ്.എം.വി. സ്‌കൂളിൽ നടന്ന അദാലത്തിലെ സി.എം.ഡി.ആർ.എഫ്. ധനസഹായംകൂടിയാകുമ്പോൾ ജില്ലയിൽ സാന്ത്വന സ്പർശം അദാലത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയ ആകെ ധനസഹായം 5,49,59,500 രൂപയായി.