പാലക്കാട്:  ജില്ലയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് സര്വതല സ്പര്ശിയായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ച് ജില്ലാ ഇന്ഫര്മേഷന് ഓഫീസ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംവാദം ജില്ലയുടെ വികസന കാഴ്ചപ്പാടിന്റെ നേര്ചിത്രമായി. ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ്, കില എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്ക്കായി സംഘടിപ്പിച്ച ‘പാലക്കാടിന്റെ സുസ്ഥിരവികസനം എങ്ങനെ നടപ്പാക്കാം’ സംവാദമാണ് ആശയ രൂപീകരണത്തിന് വേദിയായത്.
പ്രാദേശിക വികസനത്തിന് ഫണ്ട് സ്വരൂപിക്കാനും സ്വന്തം പ്രദേശത്ത് നടപ്പിലാക്കാനും ജനപ്രതിനിധികള് ശ്രമിക്കുന്നത് ഏറെ പ്രതീക്ഷാ നിര്ഭരമാണെന്ന് പരിപാടിയില് പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് പറഞ്ഞു. ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കുന്നതിനും മികച്ച പ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നതിനും കരുതലോടെയുള്ള പദ്ധതികളാണ് സംസ്ഥാന സര്ക്കാര് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് സംയുക്ത പദ്ധതികള് നടപ്പിലാക്കണമെന്നും അവര് പറഞ്ഞു.
കാര്ഷിക വികസനത്തില് ഊന്നിയ ആശയങ്ങളും നിര്ദ്ദേശങ്ങളുമാണ് തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള് മുഖ്യമായും മുന്നോട്ടുവെച്ചത്. വന്യമൃഗങ്ങള് മൂലമുള്ള കൃഷി നാശവും കര്ഷകരുടെ ആശങ്കകളും സംവാദത്തില് പങ്കുവെച്ചു. കാട്ടുമൃഗങ്ങള്ക്ക് ആവശ്യമായ ഭക്ഷണം കാട്ടിനുള്ളില് തന്നെ ഒരുക്കുന്നതിന് ആവശ്യമായ നടപടികള് എടുക്കുകയാണ് പരിഹാരമെന്നും നിര്ദ്ദേശങ്ങള് ഉയര്ന്നു.
നെല്കൃഷി കൂടുതലായുള്ള ജില്ലയില് കൊയ്ത്തിനായി അന്യസംസ്ഥാനങ്ങളില് നിന്നാണ് കൊയ്ത്ത് മെഷീനുകള് വരുന്നത്. കര്ഷകര്ക്ക് ഇതിന് സബ്സിഡി നല്കണമെന്നും സംവാദത്തില് അഭിപ്രായമുയര്ന്നു. സംസ്ഥാന സര്ക്കാരിന്റെ നാല് മിഷനുകള് ജില്ലയില് പുരോഗമനപരമായ ഏറെ മാറ്റങ്ങള് ഉണ്ടാകും.
തൊഴിലുറപ്പ് പദ്ധതിയെ കൃഷിക്കാര്ക്ക് പ്രയോജനകരമായ രീതിയില് ക്രമീകരിച്ചാല് തൊഴില് ദിനങ്ങള് ലഭിക്കുന്നതിനും കാര്ഷിക പുരോഗതിക്കും ഉപകരിക്കും. എന്നാല് ഇത്തരത്തില് പ്രവര്ത്തനങ്ങള് ഏറ്റെടുക്കുമ്പോള് ഓഡിറ്റ് സംവിധാനത്തില് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സംവാദത്തില് ചര്ച്ച ചെയ്തു.
കുടിവെള്ളം, ഭവന നിര്മ്മാണം, ശുചിത്വ മാലിന്യ സംസ്‌കരണം, ഹൈടെക് റോഡ് നിര്മാണം എന്നിവയെക്കുറിച്ചും അഭിപ്രായങ്ങള് മുന്നോട്ടു വന്നു. സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പദ്ധതികള്ക്ക് കൂടുതല് പരിഗണന നല്കുകയും ഭിന്നശേഷിക്കാര്, വയോജനങ്ങള്, ഭിന്നലിംഗക്കാര് എന്നിവര്ക്കായി കൂടുതല് ഊര്ജ്ജിത പദ്ധതികള് നടപ്പിലാക്കണമെന്ന നിര്ദ്ദേശവും സംവാദത്തില് ഉയര്ന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും അനുബന്ധ ഓഫീസുകളിലൂടെയും നല്കുന്ന സേവനങ്ങള് കൂടുതല് ഇ-സംവിധാനമായി ഉയര്ത്തണമെന്നും ഇതുവഴി സമയം ലാഭിക്കാനും ക്രിയാത്മകമായ പ്രവര്ത്തനങ്ങള് നടപ്പിലാക്കാനും കഴിയുമെന്നും അഭിപ്രായമുയര്ന്നു.
ഏതൊരു പദ്ധതി രൂപീകരിക്കുമ്പോഴും ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് സംവാദത്തില് മോഡറേറ്ററായി പങ്കെടുത്ത ഹരിത കേരളം മിഷന് സംസ്ഥാന റിസോഴ്സ് പേഴ്സണും വാട്ടര് കണ്സര്വേഷന് എക്സ്പേര്ട്ടുമായ ഡോ. കെ വാസുദേവന് പിള്ള പറഞ്ഞു. പല മേഖലകളിലുള്ള പദ്ധതികള് സംയുക്തമായി നടപ്പിലാക്കുന്നത് സുസ്ഥിര വികസനത്തിന് വഴിവെക്കും. പദ്ധതികള് നടപ്പിലാക്കുമ്പോള് വിദഗ്ധ അഭിപ്രായം ഉള്ക്കൊള്ളേണ്ടതുണ്ട്.
അണക്കെട്ടുകളുടെ സാന്നിധ്യത്തിലും കുടിവെള്ളക്ഷാമമുണ്ടെങ്കില് ചര്ച്ച ചെയ്യുകയും കാരണങ്ങള് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ഇത്തരത്തില് നിരന്തരം നടത്തിയ ചര്ച്ചയുടെ ഫലമായാണ് ഇപ്പോള് മംഗലം ഡാമിലെ ചളി നീക്കുന്ന പ്രവര്ത്തനം നടത്താന് ആയത്.
തൊഴിലുറപ്പ് സേനയെ ഉപയോഗപ്പെടുത്തി കാര്ഷിക മേഖലയ്ക്ക് ശക്തി പകരുന്നത് സംസ്ഥാനത്ത് തന്നെ ആവശ്യമായ ഉല്പ്പന്നങ്ങള് ഉത്പാദിപ്പിക്കുന്നതിനും ആസ്തി വികസനത്തിനും വഴിവെക്കും. അതുപോലെതന്നെ യുവാക്കള് മത്സ്യകൃഷിയിലേക്ക് വരുന്നുണ്ടെങ്കില് കയറ്റുമതി ഗുണനിലവാരം ഉള്ളവയാണ് ഉത്പാദിപ്പിക്കേണ്ടത്. ഇത്തരത്തില് ഫലപ്രദമായ സമീപനമാണ് ഓരോ പദ്ധതികളും നടപ്പിലാക്കുമ്പോള് സര്ക്കാറും ഉപഭോക്താക്കളും സ്വീകരിക്കേണ്ടതെന്നും മോഡറേറ്റര് പറഞ്ഞു.
ജനപ്രതിനിധികളില് നിന്നും സ്വരൂപിച്ച അഭിപ്രായങ്ങള് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖേന സര്ക്കാരിന്റെ ശ്രദ്ധയില് പെടുത്തുമെന്നും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള് അതത് വകുപ്പുകളെ അറിയിക്കുമെന്നും സംവാദം ക്രോഡീകരിച്ചുകൊണ്ട് ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രീയ.കെ.ഉണ്ണികൃഷ്ണന് പറഞ്ഞു.