ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് ഓൺലൈനായി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ മികവിന്റെ കേന്ദ്രം പദ്ധതിയിലാണ് സ്കൂളിന്റെ കെട്ടിട നിർമ്മാണം.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ കെട്ടിടമാണ് ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചത്. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ കെ വി അബ്ദുൾ ഖാദർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.
ടി എൻ പ്രതാപൻ എംപി വിശിഷ്ടാതിഥിയും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായും പങ്കെടുക്കും. ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ, ചാവക്കാട് ജിഎച്ച്എസ്എസ് പ്രിൻസിപ്പാൾ വി എസ് ബീന, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സ്കൂൾ പിടിഎ അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും പങ്കെടുക്കും.