ആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വികസന പാതയില്‍ വലിയ മുന്നേറ്റം നടത്തി അത്ഭുത നേട്ടം കൈവരിച്ചിരിക്കുകയാണെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ നിര്‍മാണങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനസൗകര്യ വികസനവും ആധുനികവത്കരണവും സാധ്യമായതോടെ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. നിലവില്‍ 50 ശതമാനത്തോളം ജനങ്ങള്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കിഫ്ബി ധനസഹായം കൂടി ലഭ്യമായതോടെ സ്വപ്നതുല്യമായ വികസനം ആരോഗ്യ മേഖലയില്‍ ഉണ്ടായതായും മന്ത്രി പറഞ്ഞു.
2.54 കോടി രൂപ ചെലവഴിച്ചു സ്ഥാപിച്ച 16 സ്ലൈസ് മോഡല്‍ സി.ടി സ്‌കാന്‍, 38 ലക്ഷം രൂപയുടെ നെഗറ്റീവ് പ്രഷര്‍ ഓപ്പറേറ്റര്‍ തിയേറ്റര്‍ സംവിധാനം, 3.8 കോടി രൂപയുടെ കോവിഡ് 19 പരിശോധനയ്ക്കായുള്ള ട്രൂനാറ്റ് മെഷീന്‍, 71 ലക്ഷം രൂപയുടെ ആര്‍.ടി.പി.സി.ആര്‍ മോളിക്കുലര്‍ ലാബ്, 1.63 കോടി ചെലവില്‍ ഇ -ഹെല്‍ത്ത് പദ്ധതി, 40 ലക്ഷം രൂപയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ലക്ചര്‍ ഹാള്‍, 50 ലക്ഷം ചെലവില്‍ അംഗപരിമിതര്‍ക്കായുള്ള പ്രത്യേക റാമ്പ് സൗകര്യം എന്നിവയുടെ പൂര്‍ത്തീകരണമാണ് നടത്തിയത്.
അഞ്ചു കോടി രൂപ ചെലവില്‍ ന്യൂറോ മെഡിസിന്‍ വിഭാഗത്തിന് കീഴിലായി കോപ്രിഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റ്, കാന്‍സര്‍ ചികിത്സ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 3.2 കോടി രൂപയുടെ ഓങ്കോളജി ബ്ലോക്ക് എന്നീ പദ്ധതിയുടെ നിര്‍മാണോദ്ഘാടനവുമാണ് നടന്നത്. ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.പി. അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.ടി. വിജയലക്ഷ്മി, സൂപ്രണ്ട് ഡോ. ആര്‍.വി. രാം ലാല്‍, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു