സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി മണിമലയില്‍ നിര്‍മ്മിച്ച ട്രാവന്‍കൂര്‍ ഫോക് വില്ലേജ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറിലെ അന്യംനിന്നു പോകുന്ന നാടന്‍ കലകളുടെ സംരക്ഷണവും പ്രചാരണവുമാണ് ഫോക് വില്ലേജിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിനോടനുബന്ധിച്ച് മണിമലയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡോ.എന്‍ ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,
ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടയണി കോലങ്ങള്‍, നാട്ടു പാട്ടരങ്ങ് തുടങ്ങി നാടന്‍ കലാപരിപാടികളുടെ അവതരണവും നടന്നു.

ഫോക് ലോര്‍ മ്യൂസിയം,ലൈബ്രറി, പ്രസിദ്ധീകരണ വിഭാഗം, പെര്‍ഫോര്‍മെന്‍സ് തിയറ്റര്‍, പരിശീലനത്തിനുള്ള ക്ലാസ് മുറികള്‍ എന്നിവയാണ് വില്ലേജില്‍ പ്രവര്‍ത്തിക്കുക. നാടന്‍ കലകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, പഠനങ്ങള്‍ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനവും ധനസഹായവും നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അക്കാദമി ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കുക.

തെക്കന്‍ കേരളത്തിലെ പ്രധാന കലാരൂപങ്ങളായ മുടിയേറ്റ്, പടയണി, അര്‍ജുന നൃത്തം എന്നിവയാണ് പ്രധാന പഠന വിഷയങ്ങള്‍. ആദിവാസി കലകള്‍ക്കും പ്രാമുഖ്യം നല്‍കും. സാംസ്‌കാരിക വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍നിന്നും 55 ലക്ഷം രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച രണ്ട് കോടി അന്‍പത് ലക്ഷം രൂപയുമാണ് നിര്‍മാണത്തിനായി ചിലവഴിച്ചത്.റവന്യൂ വകുപ്പ് സൗജന്യമായി വിട്ടു നല്‍കിയ 50 സെന്‍റ് ഭൂമിയിലാണ് കേരളീയ വാസ്തുശില്പ മാതൃകയില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.