കോട്ടയം: കല്ലറയെ നെല്ലറയാക്കാന്‍ അറിവും പിന്തുണയുമേകി കര്‍ഷകര്‍ക്കൊപ്പമുള്ള കൃഷി ഓഫീസർ ജോസഫ് റെഫിന് ജെഫ്രിക്ക് ഇരട്ട ബഹുമതി. മികച്ച വിജ്ഞാന വ്യാപന പ്രവർത്തന മികവിനുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സംസ്ഥാന, ജില്ലാതല അവാര്‍ഡുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ഇദ്ദേഹത്തിന് ഇന്നലെ വെച്ചൂരിൽ നടന്ന കേരഗ്രാമം പദ്ധതി സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ തല അവാർഡ് മന്ത്രി അഡ്വ. വി. എസ്. സുനിൽ കുമാര്‍ സമ്മാനിച്ചു.
ഗ്രാമവികസന വകുപ്പിലും തൊഴിൽ വകുപ്പിലും സേവനമനുഷിഠിച്ച് 2011 ൽ കൃഷി വകുപ്പിൽ കൃഷി ഓഫീസറായി ചേർന്ന ജോസഫ് റെഫിന് പുരസ്കാരങ്ങള്‍ പുതുമയല്ല. 2013 ൽ കൃഷി വകുപ്പിന്റെയും 2017ൽ ഹരിത കേരളം മിഷൻ്റെയും മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് ലഭിച്ചു. ഇക്കുറി സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോള്‍ ജില്ലയിൽ ആരംഭിച്ച തരിശുരഹിത കോട്ടയം പദ്ധതിയിൽ ആദ്യം വിത്തെറിഞ്ഞത് കല്ലറയിലെ മുണ്ടാർ പാടശേഖരത്തിലാണ്. കൃഷിയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനായി പുത്തന്‍ അറിവുകളും സാങ്കേിക വിദ്യകളും സര്‍ക്കാര്‍ അനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായവും നല്കി കല്ലറയിലെ കർഷകര്‍ക്ക് ഊര്‍ജ്ജം പകരുകയാണ് ഈ തിരുവനന്തപുരം സ്വദേശി.