തസ്തികകൾ

ആരോഗ്യവകുപ്പിൽ 2027 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 1200 തസ്തികകൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയൂഷ് വകുപ്പിനു കീഴിലുമാണ്.

മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനത്തിന് 33 തസ്തികകൾ സൃഷ്ടിക്കും.

പുനലൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തികകൾ സൃഷ്ടിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗാസ്‌ട്രോ എന്ററോളജി യൂണിറ്റ് ആരംഭിക്കുന്നതിന് ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കും. ഇതിനാവശ്യമായ അനധ്യാപക തസ്തികകൾ (രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സ്്, രണ്ടാം ഗ്രേഡ് ഹോസ്പിറ്റൽ അറ്റന്റൻഡ്്, ഒന്നാം ഗ്രേഡ് അറ്റന്റൻഡ്, നഴ്‌സിംഗ് അസിസ്റ്റന്റ്) സ്ഥാപനത്തിനകത്തുനിന്നു തന്നെ കണ്ടെത്തുന്നതിനോ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനോ തിരുവനന്തപുരം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന് അനുമതി നൽകാനും തീരുമാനിച്ചു.

35 എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളുകൾക്ക് വേണ്ടി 151 തസ്തികകൾ പുതുതായി സൃഷ്ടിക്കും. ഇതിനു പുറമെ 24 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യും.

തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ എന്നീ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും.

പുതുതായി പ്രവർത്തനം ആരംഭിക്കുന്ന തവനൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനത്തിന് 161 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷനിൽ 22 തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകും.

സംസ്ഥാനത്തെ വിവിധ അറബിക് എയ്ഡഡ് കോളേജുകളിൽ 54 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കും.

സർക്കാർ സംഗീത കോളേജുകളിൽ 14 ജൂനിയർ ലക്ചറർ തസ്തികകളും 3 ലക്ചറർ തസ്തികകളും സൃഷ്ടിക്കും.

തൃശ്ശൂർ ജില്ലയിലെ മണ്ണൂത്തി സ്റ്റേറ്റ് ബയോ കൺട്രോൾ ലാബ് പ്രവ്ർത്തനത്തിന് 9 സ്ഥിരം തൊഴിലാളികളുടെ തസ്തികകൾ സൃഷ്ടിക്കും.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ 30 അനധ്യാപക തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 24 എണ്ണം പുതിയ തസ്തികകളാണ്. 6 തസ്തികകൾ റീ-ഡെസിഗ്നേറ്റ് ചെയ്യും.

കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ സൃഷ്ടിക്കും.

പുതുതായി ആരംഭിച്ച 28 സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 100 അനധ്യാപക തസ്തികകൾ സൃഷ്ടിക്കും.

അഗ്നിരക്ഷാ വകുപ്പിനു കീഴിൽ താനൂർ, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളിൽ പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് 65 തസ്തികകൾ സൃഷ്ടിക്കും. ഉള്ളൂർ, മാവൂർ, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറ•ുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അനുമതി നൽകാനും തീരുമാനിച്ചു.

മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകുന്നതിനുള്ള പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് കോർപ്പറേഷനിൽ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 20 തസ്തികകൾ സൃഷ്ടിക്കും.

കോടതി ഭാഷ മലയാളമാക്കുന്നതിന് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതികളിൽ മലയാളം പരിഭാഷകരുടെ 50 തസ്തികകൾ സൃഷ്ടിക്കും.

അഹാഡ്‌സ് നിർത്തലാക്കുന്നതുവരെ ജോലിയിൽ തുടർന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട 32 സാക്ഷരതാ ഇൻസ്ട്രക്ടർ മാർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നൽകും.


ശമ്പളം പരിഷ്‌കരിക്കും

ട്രാക്കോ കേബിൾ കമ്പനിയിലെ മാനേജീരിയൽ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

സംസ്ഥാന വികലാംഗ ക്ഷേമകോർപ്പറേഷനിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.

കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു. 2017 ആഗസ്റ്റ് ഒന്നു മുതൽ ഇതിന് പ്രാബല്യമുണ്ടാകും.


ഓർഡിനൻസ്

1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടും 1955ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ടും ഏകീകരിച്ചുകൊണ്ട് കേരള പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

1953ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്റ്റീഷ്‌ണേഴ്‌സ് ആക്ടും 1914ലെ മദ്രാസ് മെഡിക്കൽ രജിസ്‌ട്രേഷൻ ആക്ടും ഏകീകരിച്ചുകൊണ്ട് കേരള മെഡിക്കൽ പ്രാക്റ്റീഷ്‌ണേഴ്‌സ് ആക്ട് നടപ്പാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ദുരന്താഘാത സാധ്യത സംബന്ധിച്ച വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി 2016ലെ നഗര-ഗ്രാമാസൂത്രണ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കേരള അഡ്വക്കേറ്റ് ക്ലാർക്ക് ക്ഷേമനിധിയിൽ അംഗമായ അഭിഭാഷക ക്ലാർക്കുമാരുടെ പ്രതിമാസ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിക്കുന്നതിന് ക്ഷേമനിധി ചട്ടങ്ങളിൽ ഭേദഗതിവരുത്താൻ തീരുമാനിച്ചു. വിരമിക്കൽ ആനുകൂല്യം മൂന്നു ലക്ഷം രൂപയിൽ നിന്ന് നാല് ലക്ഷം രൂപയായി ഉയർത്തും.

കേരളത്തിൽ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്ന് നടത്തുന്നതിന് കേന്ദ്രനിയമമായ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്ടിൽ ഭേദഗതി വരുത്തിയ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് (കേരള ഭേദഗതി) ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഇത് ഓർഡിനൻസായി വിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.


കമ്മീഷൻ കാലാവധി ദീർഘിപ്പിച്ചു

കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റ കാലാവധി 2021 മാർച്ച് 28 മുതൽ ആറു മാസത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.


അനർട്ട് പുനഃസംഘടിപ്പിക്കും

പുനരൂപയോഗ ഊർജം സംബന്ധിച്ച ദേശീയ-സംസ്ഥാന നയങ്ങൾക്കനുസൃതമായി അനർട്ട് പുനഃസംഘടിപ്പിക്കാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കും.


വനിതാവികസന കോർപ്പറേഷനിൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്താൻ തീരുമാനിച്ചു.


ബസുകൾക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോൺട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.


ഐടി കമ്പനികൾക്ക് കൂടുതൽ ഇളവ്

കോവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് സർക്കാർ ഐടി പാർക്കുകളിൽ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടകയിൽ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കിൽ 2020-21 ലെ തുടർന്നുള്ള മാസങ്ങളിൽ അത് ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വാടക എഴുതിത്തള്ളാൻ തീരുമാനിച്ചു.

സർക്കാർ പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിലിൽ സർക്കാർ ഒരു പുനരുജ്ജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ള ഇളവുകൾ.

കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് മിഷൻ പദ്ധതിയുടെ (ഗ്രാമീൺ) രണ്ടാംഘട്ടം സംസ്ഥാന വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കി നടപ്പാക്കാൻ തീരുമാനിച്ചു.


ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ

ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടയ്ക്കും. 2,50,547 വീടുകൾക്ക് 8.74 കോടി രൂപയാണ് മൂന്നുവർഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വർഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷ്വറൻസ് പുതുക്കാം.

ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.


കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപീകരിക്കാൻ അനുമതി

കിഫ്ബി വായ്പയിൽ പുതിയ ബസ്സുകൾ നിരത്തിലിറക്കുന്നതിനും ദീർഘദൂര സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനും കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകി.

നിയമപരമായി സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാവുമെങ്കിലും കെ.എസ്.ആർ.ടി.സിയുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും അതു പ്രവർത്തിക്കുക. ദീർഘദൂര ബസ്സുകളുടെ സർവീസ് കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത നിയന്ത്രണസംവിധാനമുണ്ടാകും. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനൽഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാൻ കൂടിയാണ് ഇങ്ങനെയൊരു കമ്പനി രൂപീകരിക്കുന്നത്. കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറും തന്നെയായിരിക്കും പുതിയ കമ്പനിയുടെ എം.ഡി.യും.


ട്രൈബൽ താലൂക്ക്

പാലക്കാട് ജില്ലയിൽ അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബൽ താലൂക്ക് രൂപീകരിക്കാൻ തീരുമാനിച്ചു.


ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർവാഹന നികുതി തവണകളായി അടയ്ക്കുന്നതിന് അനുമതി നൽകും.


ഓംബുഡ്‌സ്മാൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാനായി മുൻ ഹൈക്കോടതി ജഡ്ജി പി.എസ്. ഗോപിനാഥനെ നിയമിക്കാൻ തീരുമാനിച്ചു.


വയനാട് പാക്കേജിന്റെ ഭാഗമായി വയനാട്ടിലെ കാപ്പിക്കുരുവിന്റെ സംഭരണവും സംസ്‌ക്കരണവും താൽക്കാലികമായി ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. സംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബ്രഹ്‌മഗിരി സൊസൈറ്റിക്ക് 5 കോടി രൂപ ഉടനെ നൽകും. കുടുംബശ്രീ മുഖേന 600 കോഫി വെൻഡിംഗ് പോയന്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.


ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും

കേരളത്തിലെ സർവ്വകലാശാലകളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും സ്വയംഭരണ കോളേജുകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും സർവ്വകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. 2018-ലെ യു.ജി.സി റെഗുലേഷൻസിന് അനുസൃതമായാണ് നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, അക്കാദമിക് വിദഗ്ധ സമിതി, പരാതി പരിഹാര സെൽ, ആന്റി റാഗിംങ് കമ്മിറ്റി എന്നിവ രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.