മ്യൂസിയം സജ്ജീകരണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

ഒരു കോടിയിൽപ്പരം താളിയോല ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പിനു കീഴിലെ സെൻട്രൽ ആർക്കൈവ്സിൽ സജ്ജമാക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  ഓൺലൈനായി നിർവഹിച്ചു. മനുഷ്യ പുരോഗതിയുടെ ചരിത്രം സാംസ്‌കാരിക നവോത്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമാണെന്നും അവയുടെ വസ്തുനിഷ്ഠമായ നേർസാക്ഷ്യമാണ് താളിയോലകളെന്നും മന്ത്രി പറഞ്ഞു. ചരിത്രത്തെ തമസ്‌കരിക്കുന്ന  വർത്തമാന കാലത്ത് താളിയോലകൾ ചരിത്രത്തെ സംരക്ഷിക്കുന്നവയാണ്. ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം തുടങ്ങിയ നവോത്ഥാന സമരങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തും  വിധത്തിലാകും മ്യൂസിയം ഒരുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

നാല് കോടി രൂപയാണ് മ്യൂസിയത്തിന്റെ നിർമ്മാണച്ചെലവ്. സർക്കാർ നോഡൽ ഏജൻസിയായ കേരളം മ്യൂസിയമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരു കോടിയിൽപ്പരം താളിയോലകളാണ്   ആർക്കൈവ്സ് വകുപ്പിന്റെ ശേഖരത്തിലുള്ളത്. പഴയ വേണാട്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയുടെ ചരിത്രം അടങ്ങിയ രേഖകളിൽ ഒറ്റ ഓലകളും താളിയോല ഗ്രന്ഥങ്ങളും ചുരുണകളും ഉൾപ്പെടുന്നു. 14-ാം നൂറ്റാണ്ടു മുതൽ പഴക്കമുള്ള ഈ ചരിത്രരേഖകൾ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് പ്രാചീനലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങളടങ്ങിയ മതിലകം രേഖകൾ, തുറമുഖത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ച തുറമുഖം രേഖകൾ, തിരുവിതാകൂർ ഹൈക്കോടതി, നെയ്യാറ്റിൻകര മുൻസിഫ് കോടതി എന്നിവിടങ്ങളിലെ രേഖകൾ, ഹജൂർ ഒഴുക് എന്ന പേരിലെ ഭൂരേഖകൾ എന്നിവ താളിയോലകളിലും തിരുവിതാംകൂർ ഗസറ്റ്, സെറ്റിൽമെന്റ് എന്നിവയുടെ പുസ്തകരൂപത്തിലുള്ള ശേഖരങ്ങളുമാണ് ആർക്കൈവ്സിലുള്ളത്. ഇതുവരെയും റീസർവേ നടക്കാത്ത പ്രദേശങ്ങളുടെയെല്ലാം ആധാരരേഖകളും ഇതിൽ ഉൾപ്പെടുന്നു.  താളിയോലകൾ പുൽത്തൈലം പുരട്ടി കേടുവരാതെ സൂക്ഷിച്ചിട്ടുണ്ട്.

ഫോർട്ടിലെ ആർക്കൈവ്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.  അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ പി.രാജേന്ദ്രൻ നായർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കേരളം മ്യൂസിയം ഡയറക്ടർ ആർ.ചന്ദ്രൻപിള്ള, ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ ജെ.രജികുമാർ, കണ്ടന്റ് ക്രിയേഷൻ കമ്മിറ്റി ചെയർമാൻ ഡോ.ബി.ശോഭനൻ, ആർക്കൈവ്സ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു എന്നിവർ സംബന്ധിച്ചു.