ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ വേറിട്ട പദ്ധതികളുമായി ഹോമിയോപ്പതി വകുപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റീച്ച്, സ്ത്രീരോഗ സാന്ത്വന രംഗത്ത് സീതാലയം പദ്ധതികള്‍ വഴി ഇതിനകം തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. സീതാലയം പദ്ധതിയുടെ ഭാഗമായി വന്ധ്യതാ നിവാരണം, ലഹരിവിമുക്ത ക്ലിനിക്കുകളുണ്ട്. അഞ്ചുകുന്ന് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്ക് ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കി അവസാന ഘട്ടത്തില്‍ ഇവിടെയെത്തിയവരില്‍ 10 പേര്‍ ഇപ്പോള്‍ ഗര്‍ഭിണികളാണ്. ഏഴു കുഞ്ഞുങ്ങളുണ്ടായി. വെങ്ങപ്പള്ളി, തിരുനെല്ലി എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത ക്ലിനിക്കുകളില്‍ എണ്ണൂറിലധികം പേര്‍ ചികില്‍സ തേടി. കുട്ടികള്‍ക്കായി സദ്ഗമയ പദ്ധതി നടപ്പാക്കിവരുന്നു. ക്യാംപുകള്‍, വിവിധ മല്‍സരങ്ങള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച് നടത്തി. ആയുഷ്മാന്‍ ഭവ പദ്ധതി പ്രകാരം പൊലിക 2018 പ്രദര്‍ശന മേളയില്‍ യോഗ പരിശീലന പരിപാടി നടത്തിവരുന്നു. ജില്ലാ ആശുപത്രിയില്‍ സുസജ്ജമായ ജറിയാട്രിക് യൂനിറ്റ് പ്രവര്‍ത്തിക്കുന്നു. അഞ്ചു കിടക്കകളുള്ള ഐപി വിഭാഗത്തില്‍ ജനറല്‍ നഴ്‌സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും ആസ്ത്മ, അലര്‍ജി ഒപികള്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ ക്ലിനിക്കുകള്‍ വഴി ആദിവാസി മേഖലകളില്‍ 300ഓളം മെഡിക്കല്‍ ക്യാംപുകള്‍ നടത്തി. സൗഹാര്‍ദം പദ്ധതി വഴി 28 മെഗാ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. ആറായിരത്തോളം പേര്‍ ഇതുപയോഗപ്പെടുത്തി. ഹോമിയോപ്പതി വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്കായി 205949 എന്ന നമ്പറില്‍ ബന്ധപ്പെടാം.
