കാസര്‍കോട്: സുസ്ഥിര വികസന പാതയില്‍ പ്രാദേശിക തലത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത വികസനനയമാണ് സര്‍ക്കാര്‍ ഈ കാലയളവില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് വിദ്യാനഗര്‍ കളക്ടറേറ്റിന് സമീപം നിര്‍മിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു പോലെ വികസനം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പണം തടസ്സമാകാവാതിരിക്കാനാണ് ബജറ്റിന് പുറമെ കിഫ്ബി ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്, ടാറ്റ കോവിഡ് ആശുപത്രി, ഗെയില്‍ പൈപ്പ്‌ലൈന്‍, കേരള തുളു അക്കാദമി, കരിന്തളത്ത് സംസ്ഥാനത്തെ ആദ്യ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അമ്പലത്തറ, പൈവളികെ സോളാര്‍ പാര്‍ക്കുകള്‍, ബാവിക്കര കുടിവെള്ള പദ്ധതി, പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്, 131 കോടി രൂപയുടെ വിവിധ ജലസംരക്ഷണ പദ്ധതികള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവ ഉള്‍പ്പെടെ സമാനതകളില്ലാത്ത വികസനമാണ് കാസര്‍കോട് ജില്ലയില്‍ യാഥാര്‍ഥ്യമാക്കിയത്.

കാസര്‍കോട് വികസന പാക്കേജിലൂടെ വിവിധ പദ്ധതികളും നടപ്പിലാക്കി. സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ സാംസ്‌ക്കാരികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.ആര്‍.ഡി ഫണ്ട് 1.76 കോടി രൂപ ചെലവിലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പിആര്‍ഡിയുടെ ഏറ്റവും വലിയ ഓഫീസ് മന്ദിരമാണിത്. പിആര്‍ഡിയുടെ സേവനം കൂടുതല്‍ മികവുറ്റതാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിത, ശിശു ഭിന്നശേഷി സൗഹൃദ മന്ദിരമാണിത്. ഇതില്‍ വിശാലമായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശബ്ദ നിയന്ത്രണ സംവിധാനമുള്ള പിആര്‍ ചേംബര്‍, മലയാളം, കന്നഡ പ്രസ് റിലീസ് വിഭാഗങ്ങള്‍, മൊബൈല്‍ ജേര്‍ണലിസം സ്റ്റുഡിയോ, സാങ്കേതിക വിഭാഗം ഓഫീസുകള്‍ എന്നിവയെല്ലാം ഉണ്ട്. ഹരിതസൗഹൃദമായിരിക്കും പ്രവര്‍ത്തനങ്ങള്‍.
നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗവും വിനിയോഗവും ഫലപ്രദമായി ആശയവിനിമയത്തിന് സ്വീകരിക്കുകയെന്ന നയമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ഫേസ്ബുക്ക് പേജുകളും മറ്റും ആരംഭിച്ചത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സോഷ്യല്‍ മീഡിയ വിഭാഗം ആരംഭിച്ചതും നവീകരണം ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിആര്‍ഡിയുടെ ഏറ്റവും വലിയ ജില്ലാ ഓഫീസ് കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചത് അഭിമാന മുഹൂര്‍ത്തമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 2019 ഫെബ്രുവരി 25ന് മന്ത്രി ഇ ചന്ദ്രശേഖരനാണ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്.

ഉദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തി.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുംപാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദിരിയ, ചെങ്കള ഗ്രാമപഞ്ചായത്തംഗം പി. ഖദീജ, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍, മുന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഹ്‌മാന്‍, കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം. സാലിയന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സീനിയര്‍ ജേര്‍ണലിസ്റ്റ് വി.വി. പ്രഭാകരന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. സി.വി. ദാമോദരന്‍, കോണ്‍ഗ്രസ് എസ്. ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ വികസന ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുരേന്ദ്രന്‍ മടിക്കൈ, രണ്ട് സ്ഥാനം നേടിയ അശോകന്‍ അടുക്കത്തില്‍ എന്നിവര്‍ക്ക് എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവര്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കി.എ.ഡി.എം അതുല്‍ എസ്. നാഥ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.