മലപ്പുറം: ദേശീയ അംഗീകരം നേടി നിലമ്പൂര്‍ മുമ്മുളളി നഗരാരോഗ്യ കേന്ദ്രം. 86.7ശതമാനം മാര്‍ക്ക് നേടി ജില്ലയിലെ നിലമ്പൂര്‍ മുമ്മുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം എന്‍.ക്യു.എ.എസ് അംഗീകാരം നേടി. വിവിധ നഗരസഭകളിലായി 13 നഗരാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത.് ദേശീയ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ നഗര കുടുംബാരോഗ്യ കേന്ദ്രം കൂടിയാണ് മുമ്മുള്ളി.

2018 ലെ പ്രളയത്തില്‍ 90 ശതമാനവും വെള്ളം കയറിയ സ്ഥാപനത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുക്കുകയും     പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സമയബന്ധിതമായി  പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരത്തിന് കാരണമായത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍.എച്ച്.എമ്മിന്റെയും നഗരസഭയുടെയും ഫണ്ടുകളാണ് നഗര കുടുംബാരോഗ്യ കേന്ദ്രം വിനിയോഗിച്ചിട്ടുള്ളത്.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍,   എന്‍.യു.എച്ച്.എം ടീം ജില്ലാ ക്വളിറ്റി യൂനിറ്റ്് എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി ജീവനക്കാരുടെയും പിആര്‍ഒയുടേയും  ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനം ഈ ആശുപത്രിക്ക്  എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാന്‍ സഹായകമായി.

ജില്ലയിലെ മറ്റ് നഗര ആരോഗ്യകേന്ദ്രങ്ങളും നഗര കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മഞ്ചേരി നഗരസഭയിലെ മംഗലശ്ശേരി നഗരാരോഗ്യ കേന്ദ്രവും എന്‍.ക്യു.എ.എസ് പരിശോധന പൂര്‍ത്തീകരിച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പെരിന്തല്‍മണ്ണ നഗരകുടുംബാരോഗ്യ കേന്ദ്രം ഫെബ്രുവരി 27ന് പരിശോധന നടത്തും. മറ്റ് നഗരസഭകളും അവര്‍ക്ക് ലഭ്യമായ നഗരാരോഗ്യ കേന്ദ്രങ്ങള്‍ മികച്ചതാക്കുന്നതിനുള്ള  പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.  ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.
സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പരിശോധനയ്ക്ക് ശേഷം ദേശീയതല പരിശോധകര്‍ നടത്തുന്ന  പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ് ലഭിക്കുന്ന ജില്ലയിലെ ഒന്‍പതാമത്തെ സ്ഥാപനമാണ് നിലമ്പൂര്‍ മുമ്മുളളിയിലെ നഗര കുടുംബാരോഗ്യകേന്ദ്രം.