കോട്ടയം: പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തിന്‍റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിൽ സാന്ത്വന സ്പര്‍ശം അദാലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത സാഹചര്യങ്ങൾ അതിജീവിക്കുന്നതിനും പൊതുവായ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതാണ്. ജനങ്ങളുടെ സംരക്ഷണത്തിനായി ഇതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാരില്ല.

ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ തരണം ചെയ്യുന്നതിന് ചികിത്സയും ഭക്ഷണവും ജീവിത സുരക്ഷിതത്വവും ഉറപ്പാക്കിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സര്‍ക്കാര്‍ ഭരണ കാലഘട്ടം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന അദാലത്ത് നടപടികൾ വിശദീകരിച്ചു.