ജലസുരക്ഷയിലൂടെ സാമൂഹ്യ, സാമ്പത്തിക സുരക്ഷയിലേക്ക്

കാസർഗോഡ്: ജലസുരക്ഷയിലൂന്നിയ പദ്ധതികളിലൂടെ ഭക്ഷ്യസുരക്ഷയും അതിലൂടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ ‘സുസ്ഥിരം കാസര്‍കോട്’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.

ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ദീര്‍ഘവീക്ഷണത്തോടെയാണ് ഓരോ പദ്ധതിയും നടപ്പാക്കി വരുന്നത്. ടൂറിസം ഭാവി സാധ്യതയായി കണ്ട് കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള പ്രമുഖരായവര്‍ ആശയങ്ങള്‍ അവതരിപ്പിച്ചു.

പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും നമ്മുടെ ജില്ല മുന്‍പന്തിയിലാണെന്ന് വിഷയാവതരണം നടത്തി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ പറഞ്ഞു.കാസര്‍കോട് വികസന പാക്കേജിലൂടെ ജലസംരക്ഷണം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. ചെക്ക്ഡാമുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും വഴി വലിയ ഡാമുകളില്ലാത്ത ജില്ലയില്‍ ജലസംരക്ഷണം ഉറപ്പാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും സാമൂഹ്യ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള വിവിധങ്ങളായ പദ്ധതികളാണ് ജില്ലയില്‍ കുടുംബശ്രീയിലൂടെ നടപ്പാക്കിയതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ പെല്‍പ് ഡെസക്, എസ് സ്ി എസ്ടി, കൊറഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ധാരാളം പദ്ധതികള്‍ എന്നിവ നടപ്പാക്കി വരികയാണ്.
ജില്ലയിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുകയാണെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം പറഞ്ഞു.

നിലവില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറാന്‍ ബാക്കിയായതെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്കില്‍ 166 രോഗികളെ കിടത്താവുന്ന 10 ഐ.സി.യു പ്രവര്‍ത്തിക്കുന്നു. 300 കിടക്കകളുള്ള ജില്ലാ ആശുപത്രിയും 211 കിടക്കകളുള്ള ജനറല്‍ ആശുപത്രിയും ടാറ്റ കോവിഡ് ആശുപത്രിയും അഞ്ച് താലൂക്ക് ആശുപത്രികളും ആറ് സി.എച്ച്.സികളും മറ്റ് അനുബന്ധ ആരോഗ്യ സ്ഥാപനങ്ങളും ഉള്‍പ്പെട്ടതാണ് കാസര്‍കോടിന്റെ ആരോഗ്യ മേഖലയെന്നും അദ്ദേഹം പറഞ്ഞു.

‘ജനകീയാസൂത്രണവും കാസര്‍കോടും’ എന്ന വിഷയത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ് മായ, സുസ്ഥിര വികസനവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം എന്നിവരും സംസാരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍റഷീദ് അധ്യക്ഷനായി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ മോഡറ്റേറായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ പി.പി. വിനീഷ് നന്ദിയും പറഞ്ഞു.