കൊല്ലം: ആറ് മാസത്തേക്ക് കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ തോട്ടണ്ടി എത്തുമെന്ന് കശുവണ്ടി വികസന ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിരമിച്ച തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണം അയത്തില്‍, പെരിനാട് കശുവണ്ടി ഫാക്ടറികളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഘാനയില്‍ നിന്ന് 3000 ടണ്‍ തോട്ടണ്ടി കിട്ടി. ഇന്തോനേഷ്യയില്‍ നിന്നും തോട്ടണ്ടി കൊണ്ടുവരും. വീണ്ടും വാങ്ങാന്‍ ടെണ്ടര്‍ നടപടികള്‍ ആവുകയാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞിരുന്നു.

ഒന്നും ശരിയായില്ല എന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. കശുവണ്ടി ഫാക്ടറികള്‍ നവീകരിച്ചു. ഗ്രാറ്റുവിറ്റി വിതരണം ചെയ്തു. സ്വകാര്യ ഫാക്ടറി തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ക്ക് പലിശഇളവ് വായ്പ നല്‍കി. അഞ്ചു വര്‍ഷത്തെ ഗ്രാറ്റുവിറ്റി കൊടുത്തു. മാര്‍ച്ചിനകം ബാക്കിയുള്ളത് കൊടുക്കാനുള്ള ശ്രമത്തിലാണ്.10 വര്‍ഷത്തെ ഗ്രാറ്റുവിറ്റി ഒരു സര്‍ക്കാരിന്റെ കാലയളവില്‍ നല്‍കുന്നു എന്നത് ചരിത്രപരമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അഴിമതി എന്ന് പറഞ്ഞ് കപട ആരോപണങ്ങളുമായി വരുന്നവരെ തൊഴിലാളികള്‍ തിരിച്ചറിയണമെന്നും, സര്‍ക്കാര്‍ തുടര്‍ന്നു വന്നാല്‍ ക്ഷേമപെന്‍ഷനുകള്‍ രണ്ടായിരവും അതിലധികവും ആയി വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കശുവണ്ടി തൊഴിലാളിയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ എത്തിയ പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ, സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അര്‍ഹയായ സരസ്വതി അമ്മ എന്നിവരെ മന്ത്രി അയത്തില്‍ ഫാക്ടറിയിലെ ചടങ്ങില്‍ ആദരിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നവീകരിച്ച ജൂബിലി സമുച്ചയങ്ങളുടെ സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.