തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമവും സുതാര്യവുമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്.
15 പ്രശ്ന സാധ്യതാ പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. കൂടുതല്‍ പ്രദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കലക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.മദ്യം,പണം, ഭീഷണി,വാഗ്ദാനങ്ങള്‍ തുടങ്ങി എതെങ്കിലും രീതിയില്‍ പൊതുജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ആബ്‌സന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 40 ശതമാനത്തിന് മുകളില്‍ അംഗപരിമിതിയുള്ളവര്‍, കോവിഡ് പോസിറ്റീവായ വ്യക്തികളും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരും. ഇവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രാദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷാ ഫോറം വീടുകളില്‍ വിതരണം ചെയ്യുക.
ബിഎല്‍ഒമാരുടെ നേതൃത്വത്തിലുള്ള ഈ വിതരണം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഏജന്റുമാരെ നിയോഗിക്കാമെന്നും കലക്ടര്‍ അറിയിച്ചു.സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം കെ കണ്ണന്‍, ഷാഹുല്‍ ഹമീദ്, കെ രവീന്ദ്രന്‍, എ. പ്രശാന്ത്, പി.കെ സുബ്രമണ്യന്‍, കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.