ഇടുക്കി: കേരളത്തിലെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലായി എട്ട് പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഉള്‍പ്പെടെ നിര്‍മ്മിച്ച കെട്ടിടങ്ങളുടേയും 25 പുതിയ സബ് ഡിവിഷനുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സംവീധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പോലീസിന് ആവശ്യമുള്ളതൊക്കെ ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം ഉണ്ടാവുകയെന്നത് ഏറ്റവും പ്രധാനമാണ്.
പ്രകൃതി സൗഹൃദ രീതിയില്‍ തന്നെയാണ് പുതുതായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്തത്. പോലീസിന്റെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസ് സേനാംഗങ്ങള്‍ക്ക് വളര്‍ന്ന് കൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കാന്‍ ജില്ലാ തല പരിശീലന കേന്ദ്രങ്ങള്‍, അടിയന്തിര ഘട്ടത്തില്‍ വിഐപികളുടെ ഉപയോഗത്തിനായി തയ്യാറാക്കിയ സേഫ് ഹൗസ്, നൂറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിച്ച് ജോലി നിര്‍വഹിക്കാനുള്ള ബാരക്കുകള്‍, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള സംവീധാനം, കണ്‍ട്രോള്‍ റൂം, സ്‌പെഷല്‍ ഓപ്പറേഷന്‍സ് റൂമിന്റെ ക്ലാസ് മുറി, കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയൊക്കെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു.
പുതിയ സബ് ഡിവിഷനുകള്‍ നിലവില്‍ വരുന്നതോടെ ഓരോ സബ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളുടെ എണ്ണം കുറയും. അതോടെ ഡിവൈ.എസ്.പി. തലത്തിലുള്ള ഏകോപനവും നിരീക്ഷണവും വര്‍ദ്ധിപ്പിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം പോലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. പോലീസ് സംവിധാനത്തെ വിപുലികരിക്കാൻ സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി നിർമിച്ച സ്റ്റേഷനുകളുടെ ഹ്രസ്വ ചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ മുഖ്യപ്രഭാഷണം നടത്തി . ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി വിജയ് സാഖറേ ഐപിസ്, ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍, തുടങ്ങിയവർ ഓൺലൈൻ ആയി പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി ഐപിഎസ് സ്വാഗതവും ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാര്‍ കൃതഞ്ജതയും പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കി ജില്ലയില്‍ പുതുതായി അനുവദിച്ച പീരുമേട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കട്ടപ്പന ഡിവൈ എസ്പി ജെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോള്‍ ചടങ്ങിന്റെ പ്രാദേശിക ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, ജനപ്രതിനിധികള്‍ ,പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.