മലപ്പുറം: ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ ടിഷ്യു കള്‍ച്ചര്‍ ലാബോറട്ടറിയുടെ ശിലാസ്ഥാപനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് (ആര്‍.ഐ.ഡി.എഫ്) പദ്ധതിയിലുള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ കെ.എല്‍.ഡി.സി മുഖേന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ടിഷ്യു കള്‍ച്ചര്‍   ലാബിന്റെ നിര്‍മാണം. ലാബ് നിലവില്‍ വരുന്നതോടെ മലയോരമേഖലയിലെ കാര്‍ഷിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറക്കുന്നത്.
ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ നടന്ന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക്     പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ്പവല്ലി ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മുഖേന പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഫാം കമ്പ്യൂട്ടര്‍വല്‍ക്കരണ   പദ്ധതിയുടെ  ഉദ്ഘാടനം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വത്സമ്മ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.  ഫാമിലെ  കുടിവെള്ളത്തിനായുള്ള ജലശുദ്ധീകരണ ഉപകരണങ്ങള്‍ പദ്ധതിയുടെ  ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം  സമിതി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മത്തായി നിര്‍വഹിച്ചു.
മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ശ്രീരേഖ പദ്ധതി വിശദീകരണം നടത്തി. ഫാമുകളുടെ ചുമതല വഹിക്കുന്ന കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രാജി ജോസ്, ഫാം സൂപ്രണ്ട് ടോം എബ്രഹാം, വാര്‍ഡ് ജനപ്രതിനിധി  നിഷിത, കൃഷി ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍, കൃഷി അസിസ്റ്റന്റുമാരായ മുഹമ്മദ് ശരീഫ്,  മുനവിര്‍.വി,   സകരിയ്യ, പ്രവിത എന്നിവര്‍ പങ്കെടുത്തു.