എറണാകുളം: കോവിഡ് പരിധിക്കുള്ളിൽ ഷൂട്ട് ചെയ്ത പുറത്തിറക്കിയ ആദ്യചിത്രമായി നമ്മുടെ ഗാഡ്ജറ്റ് സ്‌ക്രീനുകളിലേക്ക് എത്തിയ ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമായി ഓ ടി ടി റിലീസ് ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. അതേ ചിത്രം ഐ ഫ് ഫ് കെ വേദിയിൽ തീയറ്റർ സ്‌ക്രീനിലെത്തുമ്പോൾ ഹൃദ്യമായ വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

ദുബായിൽ വീട്ടുജോലിക്കുള്ള വിസയിൽ എത്തി സെക്സ് റാക്കറ്റിന്റെ കണ്ണികളിൽ കുടുങ്ങുന്ന അനുമോൾ, രക്ഷപെടാനായി നടത്തുന്ന ശ്രമങ്ങളാണ് കഥ പറയുന്നത്. നമ്മൾ പ്രൈവറ്റ് എന്ന് കരുതുന്ന നവമാധ്യമങ്ങൾ എത്ര അരക്ഷിതത്വം നിറഞ്ഞതാണെന്നും പ്രേമത്തിന് കൽപ്പിക്കുന്ന മാനങ്ങളെന്താണെന്നും ചിത്രം പരിശോധിക്കുന്നുണ്ട്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, ഫഹദ് ഫാസിൽ, മാല പാർവതി, അമാൻഡ ലിസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2020 സെപ്റ്റംബറിൽ ഓ ടി ടി റിലീസ് ചെയ്തിരുന്നു.

പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്ത സിനിമ ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ ക്ലാരിറ്റിക്കോ സിനിമയുടെ ഉള്ളടക്കത്തിനോ വത്യാസമില്ല എന്ന് മാത്രമല്ല, അഭിനേതാക്കളുടെ പ്രകടനം മികച്ച രീതിയിൽ കഥയുടെ സത്ത കണികളിലേക്ക് എത്തിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ, അത് ദൃശ്യാവിഷ്കാരത്തെ ബാധിക്കാതെ വിജയകരമായ പരീക്ഷണമായ ചിത്രം, ബിഗ്‌സ്‌ക്രീനിലെത്തുമ്പോഴും ഹൃദയം കയ്യടക്കുകയാണ്.