കോട്ടയം:  സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി കോട്ടയം ജനറല്‍    ആശുപത്രിക്കായി അനുവദിച്ച 106.933 കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന 10നില സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായത്. ആരോഗ്യ മേഖലയുടെ കാലാനുസൃതമായ മുന്നേറ്റം ലക്ഷ്യമിട്ടാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത്ലാബുകള്‍ എന്നിവ സ്ഥാപിച്ചു. സാധാരണക്കാര്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായി-അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ മഞ്ജു സുജിത്, പി.എസ്. പുഷ്പമണി, ഗിരിഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.