സംസ്ഥാനത്ത് നിലവിൽവന്ന 25 പുതിയ പോലീസ് സബ്ഡിവിഷനുകൾ ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ സബ്ഡിവിഷനുകളുടെയും വിവിധ പോലീസ് സ്റ്റേഷനുകൾക്കും ഓഫീസുകൾക്കുമായി പണിതീർത്ത കെട്ടിടങ്ങളുടെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സബ്്ഡിവിഷനുകൾ നിലവിൽ വരുന്നതോടെ ഓരോ സബ്ഡിവിഷന്റെയും കീഴിലുളള പോലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടെ ഡിവൈ.എസ്.പി തലത്തിലുളള ഏകോപനവും നിരീക്ഷണവും വർദ്ധിക്കും. ഇത് ഫലപ്രദമായ പോലീസിംഗിന് വഴിതെളിക്കും. കൂടാതെ ഇൻസ്പെക്ടർ തസ്തികയിലുളള 25 പേർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും ലഭിക്കും.

കാട്ടാക്കട, വർക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെൻട്രൽ, മുനമ്പം, പുത്തൻകുരിശ്, ഒല്ലൂർ, കൊടുങ്ങല്ലൂർ, ചിറ്റൂർ, മണ്ണാർക്കാട്, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, ഫറൂഖ്, പേരാമ്പ്ര, സുൽത്താൻബത്തേരി, കൂത്തുപറമ്പ്, പേരാവൂർ, പയ്യന്നൂർ, ബേക്കൽ എന്നിവയാണ് പുതുതായി നിലവിൽവന്ന പോലീസ് സബ് ഡിവിഷനുകൾ. കൊല്ലം റൂറലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ചിതറ പോലീസ് സ്റ്റേഷൻ, കോട്ടയം ജില്ലയിലെ രാമപുരം, കാഞ്ഞിരപ്പളളി, കോഴിക്കോട് റൂറലിലെ തൊട്ടിൽപ്പാലം, വടകര, കുറ്റ്യാടി, കണ്ണൂർ റൂറലിലെ പയ്യാവൂർ എന്നീ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പത്തനംതിട്ടയിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രം, തിരുവനന്തപുരം റൂറൽ, മലപ്പുറം താനൂരിലെ പോലീസ് കൺട്രോൾ റൂം, തൃശൂർ സിറ്റിയിലെ കമാന്റ് ആന്റ് കൺട്രോൾ സെന്റർ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് സിറ്റിയിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറാ സംവിധാനം, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനായി അരീക്കോട് നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം, ക്ലാരി ആർ.ആർ.ആർ.എഫ് ക്യാമ്പിൽ അധ്യാപകർക്കായി നിർമ്മിച്ച താമസസ്ഥലം, കോഴിക്കോട് സിറ്റിയിലെ സെയ്ഫ് ഹൗസ്, കോഴിക്കോട് റൂറലിൽ വളയത്ത് നിർമ്മിച്ച പോലീസ് ബാരക്കുകൾ, അങ്കമാലി പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രം എന്നിവയും പ്രവർത്തനക്ഷമമായി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും സംബന്ധിച്ചു.