കിഫ്ബി ധനസഹായത്തോടെ ആശുപത്രികളിൽ 2200 കോടിയുടെ പദ്ധതികൾക്ക് തുടക്കമായി
പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ഈ കാലയളവിൽ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായത്. ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനാണ് ആർദ്രം മിഷന് രൂപം കൊടുത്തത്.
ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യകേന്ദ്രങ്ങളായപ്പോൾ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകൾ, പത്ത് കാത്ത്‌ലാബുകൾ എന്നിവ സ്ഥാപിച്ചു. സാധാരണക്കാർക്ക് ഇത് ഏറെ ഉപകാര പ്രദമായതായി മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിരവധി നൂതന പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജീകരിച്ചതും മികച്ച ചികിത്സയ്ക്ക് വഴിതെളിച്ചു.
കിഫ്്ബിയിലൂടെ പണം ലഭ്യമായത് ആരോഗ്യമേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി. മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് മികവിന്റെ കേന്ദ്രമായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജ് വികസനം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 15 കോടി രൂപ ചെലവിൽ മെഡിക്കൽ കോളേജിലുള്ള റോഡുകളുടെ നവീകരണമാണ് പൂർത്തിയാക്കിയ പദ്ധതികൾ. ഇതിനു പുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജ് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ജനറൽ ആശുപത്രി, വർക്കല, മലയിൻകീഴ് താലൂക്ക് ആശുപത്രികൾ, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലയിലെ ചേർത്തല, കായംകുളം താലൂക്ക് ആശുപത്രികൾ, പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് (രണ്ടാംഘട്ടം), മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് (സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്), പാലക്കാട് ജില്ലാ ആശുപത്രി, പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികൾ, കോഴിക്കോട് ജനറൽ (ബീച്ച്) ആശുപത്രി, കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, നാദാപുരം (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികൾ, കണ്ണൂർ ജില്ലയിലെ മലബാർ കാൻസർ സെന്ററിനെ പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച് ആയി ഉർത്തുന്ന പദ്ധതി (രണ്ടാം ഘട്ടം), കാസർഗോഡ് ബേഡഡുക്ക, നീലേശ്വരം, മംഗൽപാടി, പനത്തടി (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് നിർമ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം നടന്നത്.